'കുടിൽകെട്ടി സമരം അനുവദിക്കില്ല'; ഭൂസമരത്തിനെതിരെ തോട്ടം തൊഴിലാളികൾ
സംഘർഷമുണ്ടാക്കി ഭൂസമരത്തെ തളർത്താനുള്ള അധികാരികളുടെ നീക്കമാണോ തൊഴിലാളി സംഘടനകളുടെ നിലപാടിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്
വയനാട്: മരിയനാട് എസ്റ്റേറ്റിലെ ആദിവാസി ഭൂസമരത്തിനെതിരെ തോട്ടംതൊഴിലാളികൾ. വർഷങ്ങളായി തങ്ങൾ കൈവശം വെക്കുന്ന ഭൂമിയിൽ കുടിൽകെട്ടി സമരം അനുവദിക്കില്ലെന്ന നിലപാടിലാണ് മരിയനാട് എസ്റ്റേറ്റിലെ തൊഴിലാളികൾ. എന്നാൽ സംഘർഷമുണ്ടാക്കി ഭൂസമരത്തെ തളർത്താനുള്ള അധികാരികളുടെ നീക്കമാണോ തൊഴിലാളി സംഘടനകളുടെ നിലപാടിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്
ഭൂരഹിതരായ ആദിവാസികൾക്ക് അർഹമായ ഭൂമി പതിച്ചുകിട്ടും വരെ സമരഭൂമിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിൽ ആദിവാസികൾ കുടിൽകെട്ടി സമരമാരംഭിച്ചത്. വനവികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 235 ഏക്കർ ഭൂമിയിലായിരുന്നു എം.ഗീതാനന്ദന്റെ നേതൃത്വത്തിൽ ആദിവാസി ഗോത്രമഹാസഭയുടെ സമരം. ആദ്യദിനം തന്നെ അഞ്ഞൂറോളം പേർ പങ്കെടുത്ത സമരം നാൾക്കുനാൾ ശക്തിപ്പെടാൻ തുടങ്ങിയതോടെയാണ് എതിർപ്പുമായി തൊഴിലാളി സംഘടനകൾ രംഗത്തെത്തിയത്.
എന്നാൽ പിന്നോട്ട് പോകാനില്ലെന്ന് സമരക്കാരും പ്രഖ്യാപിച്ചു. ആദിവാസികളുടെ ഭൂസമരത്തിന് സർക്കാർ എത്രയും വേഗം പരിഹാരമുണ്ടാക്കിയില്ലെങ്കിൽ വിഷയം കൂടുതൽ സങ്കീർണമാകുമെന്നാണ് റിപ്പോർട്ടുകൾ.