പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സപ്ലിമെന്ററി അലോട്‌മെന്റ് അപേക്ഷകരിൽ കൂടുതൽ മലബാറിൽ
മലപ്പുറം ജില്ലയില്‍ മാത്രം പ്രവേശനം കാത്തിരിക്കുന്നത് ഇരുപതിനായിരത്തോളം കുട്ടികളാണ്
കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിച്ചവരില്‍ എഴുപത് ശതമാനത്തോളം മലബാര്‍ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. മലപ്പുറം ജില്ലയില്‍ മാത്രം പ്രവേശനം കാത്തിരിക്കുന്നത് ഇരുപതിനായിരത്തോളം കുട്ടികളാണ്. തെക്കന്‍ ജില്ലകളില്‍ മതിയായ കുട്ടികളില്ലാതെ ബാച്ചുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലബാറിലെ ഈ ദുരവസ്ഥ.
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റിനായി സംസ്ഥാനത്താകെ അപേക്ഷിച്ചിരിക്കുന്നത് 67,832 വിദ്യാര്‍ഥികള്‍. ഇതില്‍ 46,049 വിദ്യാര്‍ഥികളും മലബാര്‍ ജില്ലകളില്‍ നിന്നാണ് . അതായത് പുറത്തിരിക്കുന്നവരില്‍ 67.88% വും മലബാറിലെ വിദ്യാര്‍ഥികളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് വണിന് സീറ്റ് കിട്ടാതെ പുറത്തിരിക്കുന്നത്,19,710. പാലക്കാട് 8,653 ഉം കോഴിക്കോട് 8,345 ഉം വിദ്യാര്‍ഥികള്‍ അഡ്മിഷനായി കാത്തിരിക്കുകയാണ്.
സപ്ലിമെന്ററി അലോട്മെന്റ് കഴിഞ്ഞാലും മലബാറില്‍ ഇരുപത്തി എട്ടായിരത്തോളം കുട്ടികള്‍ക്ക് സീറ്റുണ്ടാവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തിയ 105 പ്ലസ് വണ്‍ ബാച്ചുകളുണ്ട്. ഇതില്‍ 14 എണ്ണം മാത്രമാണ് സര്‍ക്കാര്‍ മലബാറിലേക്ക് മാറ്റിയത്. ആദ്യ സപ്ലിമെന്ററി അലോട്മെന്റിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ തീരുമാനം.