' ക്ലാസിലിരുന്നത് എം.ബി.ബി.എസ് പ്രവേശനം കിട്ടിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ'; വിദ്യാർഥിനിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്
'വിദ്യാർഥിനി ആൾമാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല'
കോഴിക്കോട്: മെഡിക്കൽ കോളജിൽ എംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥിനി ഇരുന്നതിൽ ക്രിമിനൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. വിദ്യാർഥിനി ആൾമാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. എം.ബി.ബി.എസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ് വിദ്യാർഥിനി ക്ലാസിൽ കയറിയതെന്നും മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു.
നവംബർ 29-ാം തീയതിയാണ് ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസ് തുടങ്ങിയത്. ക്ലാസ് തുടങ്ങിയ ദിവസം മുതൽ നാലുദിവസമാണ് വിദ്യാർഥിനി ക്ലാസിലിരുന്നത്. അഞ്ചാം ദിവസം മുതൽ വിദ്യാർഥിനി ക്ലാസിലെത്തിയിരുന്നില്ല.തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർഥിനിക്ക് യോഗ്യതയില്ലെന്ന കാര്യം കോളജ് അധികൃതർ മനസിലാക്കുന്നത്. വിവരം പുറത്തറിഞ്ഞതിന് പിന്നാലെ വിദ്യാർഥിനിയും ക്ലാസ് വിട്ടു.
കോളജ് യൂനിയൻ ഭാരവാഹിയാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. കോഴ്സ് കോർഡിനേറ്ററോടും വകുപ്പ് മേധാവികളോടും ക്ലാസ് അധ്യാപകനോടും വിശദീകരണം തേടിയ പ്രിൻസിപ്പിൽ ഡി.എം.ഇക്ക് റിപ്പോർട്ടും നൽകി. മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചകാര്യം വിദ്യാർഥിനി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടിരുന്നു.