സ്വർണക്കടത്ത്: മുഖ്യപ്രതി മുഖ്യമന്ത്രി തന്നെ - പിഎംഎ സലാം

സിപിഎം -ബിജെപി ബാന്ധവം മുസ്‌ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടക കക്ഷികൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമാക്കിയത് 100 ശതമാനവും ശരിയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം. ശിവശങ്കറിലൂടെയാണ് സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തത്.

Update: 2022-06-07 14:11 GMT
Advertising

കോഴിക്കോട്: പ്രമാദമായ സ്വർണക്കടത്ത് കേസിലും കറൻസി കടത്തിലും മുഖ്യപ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പിഎംഎ സലാം. വ്യാജ ആരോപണങ്ങൾ പോലും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്ന ഗവൺമെന്റാണ് കേരളം ഭരിക്കുന്നത്. പുകമറ സൃഷ്ടിച്ച് രക്ഷപ്പെടുന്ന പതിവ് ശൈലിയാണ് ഇപ്പോഴും സർക്കാർ അവലംബിക്കുന്നത്. എത്ര ഒളിച്ചുവെക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരിക തന്നെ ചെയ്യുമെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം -ബിജെപി ബാന്ധവം മുസ്‌ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടക കക്ഷികൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമാക്കിയത് 100 ശതമാനവും ശരിയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം. ശിവശങ്കറിലൂടെയാണ് സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കൃത്യമായ പങ്കാളിത്തമുള്ള കള്ളക്കച്ചവടമായിരുന്നു ഇത്. കെ.ടി ജലീൽ ഉൾപ്പെടെയുള്ളവർ ഈ അച്ചുതണ്ടിന്റെ ഭാഗമാണ്. എത്ര കഴുകിക്കളയാൻ ശ്രമിച്ചാലും ലാവ്ലിൻ അഴിമതിക്കറ മായാത്ത വ്യക്തിയാണ് കേരളം ഭരിക്കുന്നത്. ആ അഴിമതികളുടെ തുടർച്ച മാത്രമായിട്ടേ ഇതിനെയൊക്കെ കാണാൻ കഴിയൂ. ഇനിയും വസ്തുതകൾ പുറത്തു വരാനുണ്ട്. പകൽമാന്യന്മാരുടെ മുഖംമൂടികൾ അഴിഞ്ഞു വീഴാനുണ്ട്. കേന്ദ്രവുമായി കൈ കോർത്തും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും അധികനാൾ മുന്നോട്ട് പോകാനാവില്ല. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം ഉണ്ടാകണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News