പാലക്കാട് ഷാജഹാന്‍ വധം: രാഷ്ട്രീയ വൈരാഗ്യമാണോ കാരണമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പൊലീസ്

ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്

Update: 2022-08-15 04:56 GMT
Advertising

പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊന്ന കേസിൽ എട്ട് പ്രതികളെന്ന് പൊലീസ്. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ച് വരികയാണ് . രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ വീടിന് മുന്നിൽ വെച്ച് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കിലെത്തിയ അക്രമി സംഘം ഷാജഹാന്റെ കാലിനാണ് ആദ്യം വെട്ടിയതെന്ന് ദൃക്സാക്ഷി സുരേഷ് പറഞ്ഞു. തന്റെ മകൻ ഉൾപ്പെടെയുള്ളവരാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്നും സുരേഷ് മീഡിയവണിനോട് പറഞ്ഞു. അക്രമി സംഘത്തിലുണ്ടായിരുന്നവർ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്നുവെന്നും ഇപ്പോൾ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണൻ പറഞ്ഞു.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. ഷാജഹാന് ഭീഷണിയുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു.

പാലക്കാട് ഷാജഹാൻ വധത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനാണ് ആർ.എസ്.എസ് ശ്രമം. സർക്കാരിനെ അസ്ഥിരപ്പെടുത്താനും ശ്രമം നടക്കുന്നു. സി.പി.എം പ്രവർത്തകർ കൊല്ലപ്പെടേണ്ടവരാണെന്ന മനോഭാവമാണ് യു.ഡി.എഫിനെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News