'ചത്തുപോയാൽ സല്യൂട്ട് തന്ന് ഒതുക്കുമെന്ന് പറഞ്ഞു': സൈനികനാണെന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന് നേരിടേണ്ടി വന്നത് ക്രൂരമർദനമെന്ന് വിഘ്‌നേഷ്

'ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്,പിണറായിയുടെ അടുത്ത ആളാണെന്ന് പരിഹസിച്ചായിരുന്നു പിന്നീട് അടി'

Update: 2022-10-21 03:12 GMT
Advertising

കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനികനാണെന്ന് പറഞ്ഞപ്പോൾ വിഷ്ണുവിന് നേരിടേണ്ടി വന്നത് ക്രൂരമർദനമാണെന്നും ചത്ത് പോയാൽ സല്യൂട്ട് തന്ന് ഒതുക്കുമെന്നായിരുന്നു സിഐയുടെ ഭീഷണിയെന്നും വിഘ്‌നേഷ് പറഞ്ഞു.

"സ്റ്റേഷനിലെ ജിഡി ചാർജുള്ള ദിലീപ് എന്ന ഉദ്യോഗസ്ഥൻ തലയിൽ അടിച്ചപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും ഇവിടെ വരാറുള്ളതാണെന്നും പറഞ്ഞു. ഡിവൈഎഫ്‌ഐക്കാരനാണെങ്കിൽ കൊമ്പുണ്ടോ എന്നും പിണറായി വിജയന്റെ അടുത്ത ആളാണെന്നുമൊക്കം പരിഹസിച്ചായിരുന്നു പിന്നീട് അടി. ചേട്ടനോട്, നീയൊക്കെ ചത്തുപോയാൽ ഒരു സല്യൂട്ട് തന്ന് ഒതുക്കുമെന്നാണ് പറഞ്ഞത്. കാഞ്ചി വലിക്കാൻ വിരൽ കാണില്ല എന്ന് പറഞ്ഞ് ചൂണ്ടുവിരലിൽ തന്നെയായിരുന്നു  ലാത്തി കൊണ്ട് എസ്.ഐ അനീഷിന്റെ അടി. പൊലീസുകാരെ നിനക്കറിയില്ലെന്നും പട്ടാളക്കാർക്ക് നാട്ടിൽ പുല്ല് വിലയാണെന്നുമായിരുന്നു പരിഹാസം". വിഘ്‌നേഷ് പറയുന്നു.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കൊല്ലം കമ്മിഷണർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് എസ്എച്ച്ഒ അനീഷിനെ അടക്കം നാല് പൊലീസുകാരെയാണ് ഇന്നലെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ സംഭവത്തിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. കേസ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇവർ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Full View

അതേസമയം സൈനികരെ അറസ്റ്റ് ചെയ്താൽ പൊലീസ് ആർമിയെ വിവരമറിയിക്കണം എന്ന നിയമം പാലിച്ചില്ല എന്ന ആരോപണം കേസിൽ ശക്തമാണ്. അറസ്റ്റ് ചെയ്ത സ്റ്റേഷന് അടുത്ത റെജിമെന്റിൽ അറിയിക്കണമെന്നാണ് നിയമം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News