വാളേന്തിയുള്ള വനിതകളുടെ പ്രകടനം: നടപടി സ്വീകരിക്കാതെ പൊലീസ്

പ്രകടനത്തിനെതിരെ പരാതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് നിസ്സംഗത പാലിക്കുകയാണെന്നാണ് ആക്ഷേപം

Update: 2022-05-29 15:20 GMT
Advertising

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാളുമായി വനിതകൾ പ്രകടനം നടത്തിയതിൽ ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാതെ പൊലീസ്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഥസഞ്ചലനത്തിൽ ആയിരുന്നു നൂറോളം വനിതകൾ വാളുമായി നടുറോഡിലൂടെ പ്രകടനം നടത്തിയത്. പ്രകടനത്തിനെതിരെ പരാതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് നിസ്സംഗത പാലിക്കുകയാണെന്നാണ് ആക്ഷേപം. പ്രകടനത്തിനെതിരെ എസ്.ഐ.ഒ ഇന്ന് ആര്യങ്കാവ് പൊലീസിൽ പരാതി നൽകി.

കാട്ടാക്കട ഡിവൈഎസ്പിക്ക്  പോപ്പുലർ ഫ്രണ്ട് നേതാവ് നവാസാണ് പരാതി കൊടുത്തത്. പ്രകടനം നടന്നത് ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന വിശദീകരണമാണ് കാട്ടാക്കട ഡിവൈഎസ്പി ഓഫീസ് നൽകുന്നത്. അതെസമയം കാട്ടാക്കട ഡിവൈഎസ്പി ഓഫീസിൽ നിന്ന് പരാതി കൈമാറിയിട്ടില്ലെന്ന് ആര്യനാട് സിഐ പ്രതികരിച്ചു. ആയുധമേന്തിയുള്ള പ്രകടനത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നിട്ടുണ്ട്.

നെയ്യാറ്റിൻകര കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന ദുർഗവാഹിനി ക്യാമ്പിൻറെ സമാപന ദിനത്തിലായിരുന്നു ആയുധമേന്തി പ്രകടനം. പഥസഞ്ചലനത്തിന് മുന്നിലും പിന്നിലുമായി പത്തോളം വാളുകളേന്തിയാണ് വനിതകൾ നടുറോഡിലൂടെ പ്രകടനം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിനെതിരെ പൊപ്പുലർഫ്രണ്ട് പരാതി കൊടുത്തിട്ടും പൊലീസ് നിസംഗത തുടരുകയാണ്. ആർക്കുമെതിരെ ഇതുവരെ ഒരുനടപടിയും എടുത്തിട്ടില്ല.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News