'എൻഎസ്എസ് നാമജപഘോഷയാത്രയിൽ ക്രമസമാധാന പ്രശ്‌നങ്ങളില്ല'; പൊലീസ് റിപ്പോർട്ട്
യാത്ര നടത്തിയവർക്ക് ഗൂഢലക്ഷ്യമില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു
തിരുവനന്തപുരം: എൻ.എസ്.എസ് നാമജപ ഘോഷയാത്രയിൽ അക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് റിപ്പോർട്ട് നൽകിയത്. യാത്ര നടത്തിയവർക്ക് ഗൂഢലക്ഷ്യമില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു..
നാമജപം മാത്രമാണ് ഘോഷയാത്രയിൽ നടന്നതെന്നും മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ കേസ് എഴുതിത്തള്ളാനാണ് സാധ്യതയും.
ഓഗസ്റ്റ് രണ്ടിനാണ് മിത്ത് വിവാദത്തിൽ തിരുവനന്തപുരത്ത് എൻ.എസ്.എസ് നാമജപഘോഷയാത്ര സംഘടിപ്പിച്ചത്.അനധികൃതമായി കൂട്ടം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ഓഗസ്റ്റ് രണ്ടിന് കേസെടുത്തത്.
നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് രാജ വിജയരാഘവൻ ബെഞ്ചിന്റെതായിരുന്നു നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. അതീവ സുരക്ഷാ മേഖലയിലാണ് പ്രതിഷേധം നടന്നതെന്നും, അതിനാൽ പങ്കെടുത്തവർക്കെതിരെ കേസ് നിലനിൽക്കുമെന്ന നിലപാടാണ് സർക്കാർ നേരത്തെ സ്വീകരിച്ചത്.