പമ്പയിലും സന്നിധാനത്തും പൊലീസ് തലപ്പത്ത് അഴിച്ചുപണി
തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിൽ സേനയ്ക്ക് സംഭവിച്ച വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് നടപടി
പത്തനംതിട്ട: തിരക്ക് നിയന്ത്രണം പാളിയതിന് പിന്നാല പമ്പയിലും സന്നിധാനത്തും പൊലീസ് തലപ്പത്ത് അഴിച്ചുപണി. തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിൽ സേനയ്ക്ക് സംഭവിച്ച വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് നടപടി. പമ്പ പൊലീസ് സ്‌പെഷ്യല്‍ ഓഫീസറായി ചുമതല വഹിക്കുന്ന എസ്പി കെ.ആര്‍.സുദര്‍ശനനെ സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. സന്നിധാനം എസ്.ഒ ആയിരുന്ന ഹരിചന്ദ്ര നായ്കിനെ പമ്പ എസ്.ഒ ആയി മാറ്റി നിയോഗിച്ചു.
സന്നിധാനത്ത് ചുമതല വഹിച്ചിരുന്ന ഡി.വൈ.എസ്.പിമാർ അടക്കമുള്ള ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ചു. പതിനെട്ടാം പടിയുടെ നിയന്ത്രണം ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന് കൈമാറി. തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നതില്‍ നിലവിലെ പൊലീസ് സംഘത്തിന് വന്ന വീഴ്ചയെ തുടർന്നാണ് ചുമതല റിസര്‍വ് ബെറ്റാലിയന് കൈമാറിയത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു