ആര്‍.എസ്.എസ് നേതാവിന്‍റെ കൊലപാതകം: പ്രതികള്‍ നഗരം കേന്ദ്രീകരിച്ചുള്ളവരെന്ന് സൂചന, 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കരുതല്‍തടങ്കലില്‍

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന

Update: 2022-04-17 02:45 GMT
Advertising

പാലക്കാട് ആര്‍.എസ്.എസ് നേതാവ് എസ്.കെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. പ്രതികൾ പാലക്കാട് നഗരം കേന്ദ്രീകരിച്ചുള്ളവരാണ്. പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

ശ്രീനിവാസനെ തന്നെ ലക്ഷ്യം വെച്ചല്ല അക്രമി സംഘം വന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. സുബൈറിനെ കൊലപ്പടുത്തിയതിന്‍റെ പ്രതികാരമായി ഒരാളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്, ശ്രീനിവാസനെ കൊലപ്പെടുത്താന്‍ സംഘം തീരുമാനിച്ചതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ആക്രമണമോ പ്രത്യാക്രമണമോ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി. 

ശ്രീനിവാസന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങും. വിലാപയാത്രയായി പാലക്കാട്-കണ്ണകി നഗറിലേക്ക് കൊണ്ടുപോകും. കണ്ണകിയമ്മൻ ഹൈസ്കൂളിൽ പൊതുദർശനം നടത്തും. പാലക്കാട്- കറുകോടി ശ്മശാനത്തിലായിരിക്കും സംസ്കാരം.

സുരക്ഷയ്ക്കായി തമിഴ്നാട് പൊലീസും പാലക്കാട്ടെത്തും. തമിഴ്നാട് സ്പെഷ്യൽ പൊലീസിലെ 150 പേരും ആംഡ് റിസർവ് പൊലീസിലെ 500 പേരും കോയമ്പത്തൂർ സിറ്റി പൊലീസിലെ 240 പേരും പാലക്കാടെത്തും. വാഹന പരിശോധന, ലോഡ്ജുകളിലെ പരിശോധന എന്നിവയ്ക്ക് സഹായിക്കും.

കൊല നടന്നത് ഇന്നലെ ഉച്ചയ്ക്ക്

ആര്‍.എസ്.എസ് മുൻ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ ശ്രീനിവാസനെ അക്രമി സംഘം ഇന്നലെ കടയില്‍ കയറി വെട്ടുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിൽ കയറി ആറംഗ സംഘം ശ്രീനിവാസനെ വെട്ടിയത്. ഉപയോഗിച്ച ബൈക്കുകള്‍ വില്‍ക്കുന്ന ഷോറൂം നടത്തുകയായിരുന്നു ശ്രീനിവാസൻ. മൂന്ന് ഇരുചക്ര വാഹനങ്ങളിൽ എത്തിയ ആറു പേരാണ് കൊലപാതകം നടത്തിയത്. പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കേയായിരുന്നു കൊലപാതകം. ശ്രീനിവാസന്‍റെ തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർ.എസ്.എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ശ്രീനിവാസന് ജീവനുണ്ടായിരുന്നു. വെന്‍റിലേറ്ററിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്. 

പാലക്കാട് നിരോധാനാജ്ഞ

പാലക്കാട് ജില്ലയിൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 20ആം തിയ്യതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആംസ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News