വധഗൂഢാലോചന കേസ്: ദിലീപിന്‍റെ അഭിഭാഷകന്‍ രാമന്‍പിള്ളയെ ചോദ്യംചെയ്തേക്കും
ദിലീപിന്റെ ഫോണിലെ ഡാറ്റ മാറ്റാൻ ഉപയോഗിച്ച ഐ മാക് കസ്റ്റഡിയിൽ എടുത്തു
വധഗൂഢാലോചന കേസിൽ ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ള ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യുന്ന കാര്യം പരിഗണനയിലെന്ന് അന്വേഷണ സംഘം. ദിലീപിന്റെ ഫോണിലെ ഡാറ്റ മാറ്റാൻ ഉപയോഗിച്ച ഐ മാക് കസ്റ്റഡിയിൽ എടുത്തു. ഡിഐജി സഞ്ജയ് കുമാർ ഗുരുദിനുമായി ദിലീപ് ഫോണിൽ സംസാരിച്ചത് അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ പറഞ്ഞു.
രാമന്‍പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാര്‍ കൌണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. ദിലീപിന് വേണ്ടി അഭിഭാഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിയമവിരുദ്ധവും അഭിഭാഷക വൃത്തിക്ക് നിരക്കാത്തതുമായ പ്രവൃത്തികളാണെന്ന് നടി പരാതിയില്‍ പറയുന്നു. കേസില്‍ വിചാരണ ആരംഭിച്ചതു മുതല്‍ അഭിഭാഷകര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും പരാതിയിലുണ്ട്.
ദിലീപിന്‍റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടു. സാക്ഷിയായ ജിന്‍സണെ സ്വാധീനിക്കുന്നതിനായി ക്രിമിനല്‍ കേസിലെ പ്രതിയായ നാസര്‍ എന്നയാളെ അഡ്വ.രാമന്‍പിള്ള നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെട്ടു. അഭിഭാഷകന്‍റെ ഓഫിസില്‍ വെച്ച് പ്രതി ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ മാറ്റിയത് സംബന്ധിച്ച് ഐടി വിദഗ്ധന്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഫോണിലെ വിവരങ്ങൾ മാറ്റിയത് സായിയുടെ ഐ മാക് സിസ്റ്റം വഴിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സായി ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കിലെ ഐ മാക് റെയ്ഡിൽ പിടിച്ചെടുത്തു. ഐ മാകും ദിലീപിന്റെ ഫോണും വക്കീൽ ഓഫിസിലെ വൈഫൈയും തമ്മിൽ കണക്ട് ചെയ്തതിന് തെളിവ് കിട്ടി. ജനുവരി 29, 30 തിയ്യതികളിൽ സായ് ശങ്കർ കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യംചെയ്യലിന് സായ് ശങ്കർ ഇന്ന് ഹാജരാകില്ല. ഹാജരാകുന്നതിന് 10 ദിവസം വേണമെന്ന് സായ് ശങ്കർ ആവശ്യപ്പെട്ടു. ഇമെയിൽ മുഖാന്തരമാണ് ഹാജരാകാൻ കഴിയില്ലെന്ന് സായ് ശങ്കർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. സായ് ശങ്കറിന്‍റെ ഭാര്യയും ഹാജരാകില്ല. കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടെന്നാണ് വിശദീകരണം.
അതേസമയം നടിയെ ആക്രമിച്ച കേസിൽ പൊലീസ് പീഡനമാരോപിച്ച് കേസിലെ സാക്ഷി സാഗർ വിൻസന്റ് നൽകിയ ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഹരജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഡി.വൈ.എസ്.പി ബൈജു പൗലോസിനടക്കം ഹൈക്കോടതി നോട്ടീസ് അയച്ചു.