സ്ത്രീകളെ കടന്നു പിടിച്ചു; പൊലീസുകാർ കസ്റ്റഡിയിൽ
അരീക്കൽ വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ മോശമായി പെരുമാറിയത്.
പിറവം: സ്ത്രീകളെ കടന്നു പിടിച്ചതിന് പൊലീസുകാർ കസ്റ്റഡിയിൽ. മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരാണ് പിടിയിലായത്.
രാമമംഗലം പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അരീക്കൽ വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ മോശമായി പെരുമാറിയത്.
സ്ത്രീകളെ പൊലീസുകാർ കടന്നുപിടിക്കുകയും ഇതോടെ ഇവർ ബഹളം വയ്ക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ നാട്ടുകാർ പൊലീസുകാരെ പിടിച്ചുവയ്ക്കുകയും രാമമംഗലം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസെത്തി ഇരു ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം, സംഭവം കഴിഞ്ഞ് നാല് മണിക്കൂർ കഴിഞ്ഞിട്ടും പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. മാധ്യമങ്ങളിൽ വാർത്ത വന്ന ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താൻ തയാറായത്. വൈദ്യ പരിശോധനയ്ക്ക് ശേഷമാകും തുടർ നടപടികൾ.
നേരത്തെ, കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് സംഭവങ്ങളിൽ രണ്ട് പൊലീസുകാർ അറസ്റ്റിലായിരുന്നു. ഇടുക്കി കാഞ്ചിയാര്‍ നേര്യംപാറ അറയ്ക്കല്‍ വീട്ടില്‍ എ.എസ് സതീഷ് (39), കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ പിറവന്തൂര്‍ ചെമ്പനരുവി നെടുമുരുപ്പേല്‍ ഷെമീര്‍ (39) എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് എട്ടിനായിരുന്നു സംഭവങ്ങൾ. രാവിലെ 11ഓടെ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍, പറന്തലില്‍ വച്ചാണ് സതീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യാത്രക്കാരി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ബസ് നേരെ സ്റ്റേഷനില്‍ എത്തിച്ചു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് വന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് ഷെമീര്‍ പ്രതിയായ സംഭവം. പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് വന്ന കെഎസ്‌ആര്‍ടിസി ബസില്‍ മുന്നിലെ സീറ്റിലിരുന്ന യുവതിയെ ഷെമീര്‍ കടന്നുപിടിച്ചെന്നാണ് കേസ്. എന്നാൽ, താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അറിയാതെ യുവതിയുടെ ശരീരത്തില്‍ സ്‌പര്‍ശിച്ചെന്നായിരുന്നു ഷെമീറിന്‍റെ വാദം.