'ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകാം'; മന്ത്രി വി. അബ്ദുറഹ്‌മാൻ

ജിഫ്രി തങ്ങൾക്ക് ഭീഷണി ഉയർന്ന സാഹചര്യത്തിൽ സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി

Update: 2021-12-28 06:57 GMT
Advertising

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം ഉൾപ്പെടെ നൽകാമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ജിഫ്രി തങ്ങള്‍ക്ക് ഭീഷണി ഉയർന്ന സാഹചര്യത്തില്‍ സർക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി. ഫോണ്‍മാര്‍ഗമാണ് മന്ത്രി സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിച്ചത്.

എന്നാല്‍, തനിക്ക് സുരക്ഷയുടെ ആവശ്യം ഇപ്പോഴില്ലെന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭീഷണിയുണ്ടായത്, അത് ഗൗരവത്തിലെടുക്കുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ മന്ത്രിക്ക് മറുപടി നല്‍കി. മലപ്പുറം ആനക്കയത്ത് സമസ്തയുടെ കീഴിലുള്ള ഒരു കോളജില്‍ സംസാരിക്കവെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തനിക്കെതിരെ ഭീഷണിയുണ്ടായതായി വെളിപ്പെടുത്തിയത്. ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിർന്ന നേതാവുമായിരുന്ന സി.എം അബദുല്ല മൗലവിയുടെ സ്ഥിതിയുണ്ടാകുമെന്നായിരുന്നു അജ്ഞാത ഫോണ്‍ സന്ദേശം. 

സി.എം അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി 15ന് പുലർച്ചെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദൂരൂഹസാഹചര്യത്തിലുള്ള ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സമസ്തയും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഭീഷണി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും ജിഫ്രി തങ്ങള്‍ അതേ വേദിയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. സംഘടനയുടെ തലപ്പത്തിരിക്കുമ്പോള്‍ ഇത്തരം ഭീഷണികള്‍ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ നിലപാട് തന്നെയാണ് അദ്ദേഹം മന്ത്രിയെയും അറിയിച്ചത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News