രാജ്ഭവനിലെ ജാതിപീഡന പരാതിയിൽ കേസെടുത്ത് പൊലീസ്; ഗാർഡൻ വിഭാഗം ഉദ്യോഗസ്ഥരെ പ്രതി ചേർത്തു
മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി
തിരുവനന്തപുരം: രാജ്ഭവൻ ജീവനക്കാർക്കെതിരായ ജാതിപീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. ജാതിപീഡനം പുറത്തുകൊണ്ടുവന്ന മീഡിയവൺ വാർത്തയെത്തുടർന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. രാജ്ഭവനിലെ ഗാർഡൻ വിഭാഗം സൂപ്പർവൈസർ ബൈജു, ഹെഡ് ഗാർഡൻ അശോകൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ്.
രാജ്ഭവനിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് കാണി മരിച്ചത് ജാതിപീഡനത്തെത്തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. മകന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി വിജേഷിന്റെ മാതാപിതാക്കൾ സംസ്ഥാന പട്ടികവർഗ കമ്മീഷനെ സമീപിക്കുകയും ചെയ്തു.തുടർന്ന് ഇക്കാര്യം മീഡിയവൺ വാർത്തയാക്കി.
വിജേഷ് നേരിട്ടതിന് സമാനമായ ജാതിപീഡനം തങ്ങളും നേരിട്ടതായി ഗാർഡൻ വിഭാഗത്തിലെ മറ്റ് ജീവനക്കാരും വെളിപ്പെടുത്തി. ഇതിൽ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുരളീധരനാണ് പൊലീസിനെ സമീപിച്ചത്. ആദ്യ ഘട്ടത്തിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ്, മീഡിയവൺ വാർത്ത വന്നതോടെ കേസ് രജിസ്റ്റർ ചെയ്തു. രൂക്ഷമായ ജാതിയധിക്ഷേപമാണ് ബൈജുവും അശോകനും നടത്തിയതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
പുലയന്മാർക്കും കാട്ടുജാതിക്കാർക്കും ജോലി ചെയ്യാനുള്ള ഇടമല്ല രാജ്ഭവനെന്നും നിനക്കൊക്കെ ഗേറ്റിന് പുറത്താണ് ജോലിയെന്നും പറഞ്ഞ മേലുദ്യോഗസ്ഥർ കേട്ടാലറയ്ക്കുന്ന ഭാഷയിൽ മുരളീധരനെ ജാതിയധിക്ഷേപം നടത്തിയതായും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഐ.പി.സി 294 ബി, 323, 34 വകുപ്പുകളും പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകളുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.