ജാമ്യവ്യവസ്ഥ ലംഘിച്ചു; അലൻ ഷുഐബിനെതിരെ പൊലീസ് റിപ്പോർട്ട്
കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വിദ്യാർഥികളെ മർദിച്ചെന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ പരാതിയിൽ അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു
കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ജാമ്യത്തിലുള്ള അലൻ ഷുഐബിനെതിരെ പൊലീസ് റിപ്പോർട്ട്. അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപ്പോർട്ട് എൻ.ഐ.എ കോടതിക്ക് കൈമാറി.
കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വിദ്യാർഥികളെ മർദിച്ചെന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ പരാതിയിൽ അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിന്‍റെ അടിസ്ഥാനത്തിലാണ് അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപ്പോർട്ട് പന്നിയങ്കര സ്റ്റേഷൻ ഓഫീസർ ശംഭുനാഥ് എൻ.ഐ.എ കോടതിക്ക് കൈമാറിയത്. യുഎപിഎ കേസില്‍ ജാമ്യത്തിലുള്ള അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല പന്നിയങ്കര സ്റ്റേഷൻ ഓഫീസർക്കാണ് . മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന റിപ്പോർട്ടാണ് ശംഭുനാഫ് കോടതിയിൽ നൽകിയത്.
തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും എസ്.എഫ്.ഐ പക പോക്കുകയാണെന്നും അലൻ നേരത്തെ ആരോപിച്ചിരുന്നു. അലന് ലഭിച്ച ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു.