പാപ്പനംകോട് ഇൻഷുറൻസ് ഓഫിസിലെ തീപിടിത്തം: ദുരൂഹത സംശയിച്ച് പൊലീസ്
രാവിലെ ഒരാൾ സ്ഥാപനത്തിലെത്തി ബഹളം സൃഷ്ടിച്ചതായി പൊലീസ്
തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് ഓഫിസിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്. രാവിലെ ഒരാൾ സ്ഥാപനത്തിലെത്തി ബഹളം സൃഷ്ടിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ അനു കുമാരി അറിയിച്ചു.
സ്ഥാപനം നടത്തുന്ന വൈഷ്ണയും മറ്റൊരാളുമാണ് അപകടത്തിൽ മരിച്ചത്. ഇയാൾ ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ച രണ്ടാമത്തെയാൾ പുരുഷനാണ്. ഇയാൾ വൈഷ്ണയുടെ ഭർത്താവാണെന്ന് സംശയിക്കുന്നുണ്ട്. ഭർത്താവിന് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേർ മാത്രമാണ് സംഭവസമയം ഉണ്ടായിരുന്നത്. സ്ഥാപനം പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ കടകളിലേക്ക് തീ പടരാത്തത് നാശനഷ്ടങ്ങളുടെ തീവ്രത കുറച്ചു. ഓഫിസിലേക്ക് പോകാൻ ചെറിയ കോണിപ്പടി മാത്രമാണുള്ളത്. ഓഫിസിലെ എ.സി പൊട്ടിത്തെറിച്ചിട്ടുണ്ട്.
പുക ഉയരുന്നതാണ് നാട്ടുകാർ ആദ്യം കണ്ടത്. ഈ സമയത്ത് എന്തുകൊണ്ട് ഇവിടെ എത്തിയയാൾ രക്ഷപ്പെട്ടില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇൻഷുറൻസ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു വൈഷ്ണ. രണ്ട് കുട്ടികളുടെ മാതാവായ ഇവർക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ സൂചന നൽകുന്നുണ്ട്. ഇവർ ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ്.
15 വർഷത്തോളമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. നേമം പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. മന്ത്രി കെ. രാജൻ, വി. ശിവൻകുട്ടി, ജില്ലാ കലക്ടർ അനു കുമാരി തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
തിരുവനന്തപുരം സബ് കലക്ടർ അശ്വതി ശ്രീനിവാസ് സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒരു ദിവസം കൊണ്ട് പ്രാഥമിക കണ്ടെത്തലുകൾ കലക്ടർക്ക് സമർപ്പിക്കണം.