'ചെമ്പ്രശ്ശേരിയിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ വർഗീയ ഭ്രാന്ത്'; വിവാദ പരാമര്‍ശവുമായി പൊലീസ് വെബ്സൈറ്റ്
മലപ്പുറം എം എസ് പിയുടെ ചരിത്രം പറയുന്ന ഭാഗത്താണ് കേരള പൊലീസിന്റെ വിവാദ പരാമർശം
മലപ്പുറം: മലപ്പുറം ചെമ്പ്രശ്ശേരിയിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വർഗീയ ഭ്രാന്തെന്ന് വിശേഷിപ്പിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ്. മലപ്പുറം എം.എസ്.പിയുടെ ചരിത്രം പറയുന്ന ഭാഗത്താണ് കേരള പൊലീസിന്റെ ഈ വിവാദ പരാമർശം. ബ്രിട്ടീഷുകാർക്കെതിരെ നടന്ന പോരാട്ടത്തെയാണ് മാപ്പിളമാരുടെ മതഭ്രാന്തായി കേരള പൊലീസ് ചിത്രീകരിച്ചത്.
1921 ന് മുൻ മ്പുള്ള മലബാർ സ്പെഷൽ പൊലീസിന്റെ ചരിത്രം പറയുന്ന ഭാഗത്താണ് അടിസ്ഥാന രഹിതമായ പരാമർശം ഉള്ളത്. ബ്രിട്ടീഷുകാരുടെയും ജന്മികളുടെയും വാദങ്ങൾ എങ്ങനെയാണ് കേരള പൊലീസിന്റെ രേഖകളിൽ കടന്ന് കൂടുന്നത്. ചേമ്പ്രശ്ശേരി വില്ലേജിൽ സ്ഥിരതാമസമാക്കിയ മാപ്പിള മതഭ്രാന്തമാരുടെ ഒരു സംഘത്തെ അടിച്ചർത്തിയത് എം എസ് പി ആണെന്ന് പൊലീസ് വെബ്സൈറ്റ് അവകാശപ്പെടുന്നു.
എന്നാൽ ചേമ്പ്രശ്ശേരിയിലും പാണ്ടിക്കാടുമെല്ലാം നടന്നത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളാണെന്നാണ് ചരിത്ര രേഖകൾ. കേരള പൊലീസിനെക്കുറിച്ച വിവരങ്ങളുടെ ഔദ്യോഗിക സ്രോതസ്സായി പരിഗണിക്കുന്ന വെബ്സൈറ്റിലാണ് ചരിത്രത്തെ വികലമാക്കുന്ന ഈ ഗുരുതര പരാമർശം കടന്നുകൂടിയിരിക്കുന്നത്.