രാഷ്ട്രീയ കൊലപാതകം: ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം

കേരളത്തിലെ സർക്കാരിൽ നിന്ന് ജനങ്ങളിനി നല്ലതൊന്നും പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നതെന്നും കെകെ രമ

Update: 2021-12-19 10:52 GMT
Advertising

മണിക്കൂറുകൾക്കകം രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതിലൂടെ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടതിന് ശേഷവും അക്രമം തടയാൻ പൊലിസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ വിമർശനം. തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പേരിൽ പൊലിസിന് ഏറെ പഴികേൽക്കേണ്ടി വന്നതിന് പിന്നാലെയാണ് ആലപ്പുഴയിൽ മണിക്കൂറുകളുടെ ഇടവേളയിലുള്ള രാഷ്ട്രീയ കൊലപാതങ്ങൾ നടന്നത്. ഇതോടെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയിരിക്കുകയാണ്. ആർഎസ്എസും എസ്ഡിപിഐയും നടത്തുന്ന ചോരക്കളിക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിപിഎമ്മിനേയും കുറ്റപ്പെടുത്തി. പൊലിസ് നടപടികൾ കാര്യക്ഷമമാകണമെന്ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ പൊലിസിന് വീഴ്ചപറ്റിയെന്ന വിമർശനത്തെ തള്ളി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം രംഗത്ത് വന്നു. ക്രമസമാധാനം തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി കുറ്റപ്പെടുത്തി. വിമർശനങ്ങൾ ഉയർന്നതോടെ കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് പൊലിസിന് നിർദേശം നൽകിയിരിക്കുകയാണ്.

ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും സിപിഎം മാറിമാറി പുണരുകയാണെന്നും കേരള രാഷ്ട്രീയത്തിൽ ഇടമുണ്ടാക്കാനാണ് ബിജെപിയും എസ്ഡിപിഐയും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. സർക്കാർ ശക്തമായ നടപടി സ്വീകരിച്ചാൽ പിന്തുണയ്ക്കുമെന്നും പൊലിസ് ബിജെപിയുടെ ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്നും വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമമെന്നും സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിതെന്നും അഭിമന്യു കൊലക്കേസ് പ്രതിയെ പോലും എത്ര വൈകിയാണ് അറസ്റ്റ് ചെയ്തതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് കെകെ രമ എംഎൽഎ കുറ്റപ്പെടുത്തി. കേരളം കലാപ ഭൂമിയായി മാറുന്നുവെന്നും മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു. കേരളത്തിലെ സർക്കാരിൽ നിന്ന് ജനങ്ങളിനി നല്ലതൊന്നും പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നതെന്നും കെകെ രമ പറഞ്ഞു.

Full View

എസ്ഡിപിഐയും ആർഎസ്എസും ആയുധം താഴെ വക്കണമെന്നും കൃത്യമായ നിർദേശം ഇല്ലാതെ കൊലപാതകം നടത്തുന്നവരല്ല ഈ രണ്ട് സംഘടനകളെന്നും യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കൊലപാതകത്തിന് നേതൃത്വം നൽകുന്നവർ അണികൾക്ക് ആയുധം താഴെ വെക്കാൻ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യാന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും മുഖ്യമന്ത്രി വകുപ്പ് ഒഴിയാൻ തയാറാകണമെന്നും എംഎൽഎ പറഞ്ഞു. ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സാഹചര്യത്തിനെത്ത് പെരുമാറിയില്ലെന്നും ഈ സാഹചര്യത്തിലും ക്രിക്കറ്റ് കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും ആലപ്പുഴയിൽ നടന്നിരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.

ആലപ്പുഴയിലെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 50 പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയിൽ എടുത്തതായി ഉന്നത പൊലിസ് ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞിട്ടുണ്ട്. ഏത് ഉന്നത നേതാവായാലും കസ്റ്റഡിയിൽ എടുക്കുമെന്നും അവർ അറിയിച്ചു. ആറ് ആർ.എസ്.എസ് പ്രവർത്തകരും 11 എസ്.ഡി.പി.ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപെടും. എസ്.ഡി.പി.ഐ നേതാവിന്റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനെ ആക്രമിക്കാൻ അക്രമിസംഘത്തിന് റെന്റ് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലിസ് പറയുന്നു.

Political assassination: Opposition says Home Department has made a serious mistake

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News