പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ രാജിവെച്ചു
സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളജ് പുറത്താക്കിയ 33 വിദ്യാര്‍ഥികളെ തിരിച്ചെടുത്ത നടപടി വിവാദമായതിന് പിന്നാലെയാണ് രാജി
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ ഡോ പി.സി ശശീന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ചാണ് ഗവര്‍ണര്‍ക്ക് രാജി നല്‍കിയത്. എന്നാല്‍ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് സസ്‌പെന്റ് ചെയ്ത 33 വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്ത നടപടി റദ്ദാക്കാന്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് രാജി.വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ റിപ്പോര്‍ട്ടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളജ് പുറത്താക്കിയ 33 വിദ്യാര്‍ഥികളെയാണ് വൈസ് ചാന്‍സലര്‍ തിരിച്ചെടുത്തത്. ക്രൂര മര്‍ദനത്തിലും ആള്‍ക്കൂട്ട വിചാരണയിലും കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടി വി.സി ഡോ. പി.സി ശശീന്ദ്രന്‍ റദ്ദാക്കുകയായിരുന്നു. നിയമോപദേശം തേടാതെയായിരുന്നു പുതുതായി ചുമലയേറ്റ വി.സിയുടെ നടപടി. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണമുയര്‍ന്നിരുന്നു.
വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും വിരമിച്ച അധ്യാപകനാണ് ഡോ. ശശീന്ദ്രന്‍. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വി.സി ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ മാറ്റിയിരുന്നു. ശേഷമാണ് ഡോ.ശശീന്ദ്രന് ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവിട്ടത്.
ഇതിനിടെ മരിച്ച സിദ്ധാര്‍ഥന്റെ പിതാവ് ടി. ജയപ്രകാശ് ഗവര്‍ണറെ കണ്ടു പരാതി നല്‍കി. കേസ് അന്വേഷണത്തില്‍ ആശങ്ക ഉണ്ടെന്ന് കുടുംബം അറിയിച്ചു. രേഖാമൂലം പരാതി നല്‍കിയതായാണ് വിവരം. സിബിഐ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും പൊലീസ് അന്വേഷണം ദ്രുദഗതിയില്‍ നടക്കുന്നിലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയത്. സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍ പറഞ്ഞിരുന്നു. വി.സിക്ക് എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.