പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പിഴവുള്ളതായി നിക്ഷേപകര്‍

532 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് മുഖ്യമന്ത്രി പറയുന്നത്

Update: 2021-10-07 01:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണത്തില്‍ പൊരുത്തേക്കേടുണ്ടെന്ന ആരോപണവുമായി നിക്ഷേപകരുടെ സംഘടന. 532 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഹൈക്കോടതിയും ഇ.ഡിയും 1600 കോടി രൂപയുടെ തട്ടിപ്പാണ് സ്ഥിരീകരിച്ചതെന്നും പരാതികള്‍ സ്വീകരിക്കാത്തവരായി മുപ്പതിനായിരത്തിലേറെ പേര്‍ ബാക്കിയുണ്ടെന്നുമാണ് നിക്ഷേപകര്‍ പറയുന്നത്.

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരായ നാലായിരത്തിലേറെ പേരുടെ പരാതിയില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നതായും പരാതികളുടെ അടിസ്ഥാനത്തില്‍ 532 കോടി രൂപയുടെ തട്ടിപ്പ് നടന്നതായുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകളിലും തട്ടിപ്പ് നടത്തി പ്രതികള്‍ സംബാധിച്ച തുകയിലും പൊരുത്തക്കേടുണ്ടന്നാണ് പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

കേസില്‍ സി.ബി.ഐ കൂടാതെ അന്വേഷണം നടത്തുന്ന ഇ.ഡിയും എസ്.എഫ്.ഐ.ഒയും 1600 കോടിയിലേറെ രൂപയുടെ തട്ടിപ്പ് സ്ഥിരീകരിച്ചു . മുപ്പതിനായിരത്തിലേറെ പേര്‍ പരാതി നല്‍കാതെ ബാക്കിയുള്ളപ്പോള്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കില്‍ പിഴവുണ്ടായിട്ടുണ്ടെന്നും നിക്ഷേപകര്‍ ചൂണ്ടിക്കാട്ടി. കോപിറ്റന്‍റ് അതോറിറ്റി രൂപീകരിച്ചുണ്ടെങ്കിലും അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. 14 ജില്ലകളിലും ബഡ്സ് കോടതികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കേസുകള്‍ ഒരു കോടതിയില്‍ വാദം കേട്ടാല്‍ മാത്രമേ തങ്ങള്‍ക്ക് പ്രയോജനം ഉണ്ടാവുകയുള്ളുവെന്നും നിക്ഷേപകര്‍ പറയുന്നു. നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട കണക്കിലെ പിഴവുകളും കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ധരിപ്പിക്കാനാണ് നിക്ഷേപകര്‍ തീരുമാനിച്ചിരിക്കുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News