'സിപിഎമ്മുകാര്‍ തന്നെ പ്രതിപട്ടികയില്‍ വരണമെന്ന് നിര്‍ബന്ധമില്ല, യഥാര്‍ത്ഥ പ്രതികളെ പിടികൂടണം' പോപ്പുലര്‍ ഫ്രണ്ട്

'ഞങ്ങളുടെ നിരപരാധിയായ ഒരു പ്രവര്‍ത്തകനെ ആരാണോ കൊലപ്പെടുത്തിയിട്ടുള്ളത് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നത് മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഉദ്ദേശ്യം..'

Update: 2021-07-07 08:23 GMT
Advertising

തലശേരി ഫസല്‍ വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. സിപിഎമ്മുകാരെ തന്നെ പ്രതി ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി. റഊഫ് മീഡിയാ വണിനോട് പറഞ്ഞു. ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രതികരണം.

'ഫസല്‍ എന്‍.ഡി.എഫില്‍ അംഗത്വമെടുക്കുന്നതിന് മുമ്പ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.. എന്നാല്‍ സി.പി.എം തന്നെ പ്രതിയാകണമെന്ന് ഞങ്ങള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല, 2006 ചെറിയപെരുന്നാളിന്‍റെ തലേദിവസം വളരെ ആസൂത്രിതമായാണ് ഫസലിനെ വെട്ടിക്കൊല്ലുന്നത്. ഞങ്ങളുടെ നിരപരാധിയായ ഒരു പ്രവര്‍ത്തകനെ ആരാണോ കൊലപ്പെടുത്തിയിട്ടുള്ളത് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നത് മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഉദ്ദേശ്യം...' പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മീഡിയവണിനോട് പറഞ്ഞു.

Full View


ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ട ഹൈക്കോടതി കേസ് സി.ബി.ഐ പ്രത്യേത സംഘം അന്വേഷിക്കണമെന്നും പറഞ്ഞു. സി.പി.എം നേതാക്കളെ മുഖ്യപ്രതി ചേര്‍ത്ത തലശേരി ഫസൽ വധക്കേസിൽ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച തുടരന്വേഷണ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിലെ യഥാർഥ പ്രതികൾ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരൻ കോടതിയെ സമീപിച്ചത്. കൊലപാതകത്തിന് പിന്നില്‍ തങ്ങളായിരുന്ന എന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കുപ്പി സുധീഷ് മൊഴി നല്‍കിയിരുന്നതായി ഹരജിയില്‍ പറയുന്നു. കൂട്ടുപ്രതിയായ ഷിനോജ് എന്നയാളും ഇത് സമ്മതിച്ചിട്ടുണ്ട്.

2006 ഒക്‌ടോബർ 22നാണ് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാർ പള്ളിക്കുസമീപം നോമ്പ് ദിവസം പുലർച്ചെയാണ് സ്ഥലത്തെ പത്രവിതരണക്കാരന്‍ കൂടിയായ ഫസൽ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണം നടത്തുന്ന ആദ്യത്തെ കേസ് കൂടിയായിരുന്നു ഫസൽ വധക്കേസ്. ഫസൽ വധക്കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജൻ, തലശ്ശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടു സി.പി.എമ്മുകാരെ പ്രതി ചേർത്തായിരുന്നു സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News