എയ്ഡഡ് നിയമനം: സിപിഎമ്മിന്‍റേത് ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രീണനമെന്ന് പോപുലര്‍ ഫ്രണ്ട്
'സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്നുള്ളത് സംവരണ സമുദായങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്'
കോഴിക്കോട്: എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന സി.പി.എം നേതാവ് എ.കെ ബാലന്‍റെ പ്രസ്താവന തിരുത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നത് സി.പി.എമ്മിന്റെ സവര്‍ണ ക്രിസ്ത്യന്‍ പ്രീണന നയത്തിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്നുള്ളത് സംവരണ സമുദായങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ പറഞ്ഞു.
എയ്ഡഡ് സ്ഥാപനങ്ങളില്‍ പി.എസ്.സി വഴി നിയമനങ്ങള്‍ നടക്കുമ്പോള്‍ മാത്രമേ സംവരണതത്വം പാലിക്കാനും സാമൂഹിക നീതിയുടെ താല്‍പര്യം സംരക്ഷിക്കാനും കഴിയൂ. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തുടരുന്ന മുന്നോക്ക പ്രീണനത്തിന്റെ ഫലമായി തികച്ചും ന്യായമായ ഈ ആവശ്യം അവഗണിക്കപ്പെട്ടു. പൊതുവില്‍ സംവരണത്തോടു പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സി.പി.എമ്മിന്റേത്. എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ കച്ചവടം ഒരു കറവപ്പശുവായി നിലനിര്‍ത്തുകയാണ് മുന്നാക്ക സമുദായങ്ങളെന്നും പോപുലര്‍ ഫ്രണ്ട് ആരോപിച്ചു.
എയ്ഡഡ് സ്ഥാപനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നിയമനം കിട്ടാക്കനിയാണ്. പി.എസ്.സിക്ക് വിടുന്നതിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകും എന്നതിനാലാണ് സംവരണ സമുദായങ്ങള്‍ ദീര്‍ഘകാലമായി ഇത്തരമൊരാവശ്യം ഉന്നയിക്കുന്നത്. മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചെതിര്‍ത്തിട്ടും വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ അമിത ശുഷ്‌കാന്തി കാട്ടിയ ഇടതു മുന്നണി സര്‍ക്കാര്‍ എയ്ഡഡ് നിയമനങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പ് സാമൂഹിക നീതിയെ തുരങ്കം വയ്ക്കുന്നതാണ്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള നടപടികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന 80:20 സ്‌കോളര്‍ഷിപ്പ് കോടതി വിധിയുടെ മറപിടിച്ച് വളരെ ധൃതിപ്പെട്ടാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. അപ്പോഴും മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനസ്ഥാപിക്കാനോ സമാശ്വാസ നടപടികള്‍ കൈക്കൊള്ളാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നും പോപുലര്‍ ഫ്രണ്ട് കുറ്റപ്പെടുത്തുന്നു.