പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം: ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ
ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിൽ എടുത്ത നവാസിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി
ആലപ്പുഴ : റാലിയിൽ പ്രകോപനമുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം അറസ്റ്റിൽ. മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിച്ച പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി അൻസാർ നജീബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകർക്കും മുദ്രാവാക്യം ഏറ്റുവിളിച്ച കണ്ടാൽ അറിയാവുന്ന പ്രവർത്തകർക്കുമെതിരെയാണ് ഇതുവരെ കേസെടുത്തത്. മുജീബ് ഒന്നാം പ്രതിയും, പ്രസിഡന്റ് നവാസ് വണ്ടാനം രണ്ടാം പ്രതിയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിൽ എടുത്ത നവാസിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി.
കുട്ടിയുടെ രക്ഷിതാവിനെയും മുദ്രാവാക്യം ഏറ്റുവിളിച്ച മറ്റ് പ്രവർത്തകരെയും കേസിൽ പ്രതി ചേർക്കും. പൊലീസ്, ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പോപ്പുലർ ഫ്രണ്ടിന്റെ ജനമഹാ സമ്മേളനത്തിനിടെ ആയിരുന്നു കുട്ടിയുടെ പ്രകോപന മുദ്രാവാക്യം. മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുക, മറ്റ് മതങ്ങളെ അപമാനിക്കുക തുടങ്ങി എട്ട് വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതേസമയം മുദ്രാവാക്യം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വം വീണ്ടും തള്ളി. കേസെടുക്കുന്നതിൽ വിവേചനമുണ്ടെന്നും ആരോപിച്ചു. നേതാക്കൾക്കെതിരെ കേസെടുത്തതിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.
സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്. അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യമെന്നായിരുന്നു പരാതി. സമ്മേളനത്തിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ എഴുതി നൽകിയിരുന്നുവെന്നും അതല്ല കുട്ടി വിളിച്ചതെന്നുമാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം.