മുദ്രാവാക്യംവിളിയിൽ കേസ്: ആർഎസ്എസിനെതിരെ തെരുവുകളിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുമെന്ന് പോപ്പുലർ ഫ്രണ്ട്
റിപ്പബ്ലിക്കിനെ രക്ഷിക്കുന്ന എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ ഒരു കുട്ടി വിളിച്ച മുദ്രാവാക്യമാണ് വിവാദമായത്. എന്നാൽ തങ്ങൾ എഴുതിക്കൊടുത്ത മുദ്രാവാക്യമല്ല കുട്ടി വിളിച്ചത് എന്നായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പ്രതികരണം.
കോഴിക്കോട്: ആലപ്പുഴയിൽ നടന്ന റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കേസെടുത്തതിനെതിരെ പോപ്പുലർ ഫ്രണ്ട്. ആർഎസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചാൽ കേസെടുക്കുമെങ്കിൽ അത് ഇനിയും ഉറക്കെ വിളിക്കുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. ഇന്ന് സംസ്ഥാന വ്യാപകമായി തെരുവുകളിൽ ആർഎസ്എസ് ഭീകരതക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുമെന്നും നേതാക്കൾ അറിയിച്ചു.
'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ ഒരു കുട്ടി വിളിച്ച മുദ്രാവാക്യമാണ് വിവാദമായത്. തങ്ങൾ എഴുതിക്കൊടുത്ത മുദ്രാവാക്യമല്ല കുട്ടി വിളിച്ചത് എന്നായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പ്രതികരണം. സാമൂഹിക വിപത്ത് ഉണ്ടാക്കുന്നതോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ പോപ്പുലർ ഫ്രണ്ടിന്റെ നിലപാടോ സംസ്‌കാരമോ അല്ല. മുദ്രാവാക്യത്തിന്റെ പേരിൽ നടക്കുന്നത് മുസ്‌ലിം മുന്നേറ്റങ്ങളെ വേട്ടയാടാനുള്ള ശ്രമമാണെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതായി ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. ജയദേവ് പറഞ്ഞു. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനാണ് തെളിവുകൾ ശേഖരിക്കുന്നത്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ ബന്ധുവല്ലെന്നും പൊലീസ് വ്യക്തമാക്കി. സംഘാടകരെ ഉടൻ ചോദ്യം ചെയ്യും. എന്നാൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കണമോ എന്ന കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.