പോക്‌സോ കേസ്; റോയി വയലാറ്റും സൈജു തങ്കച്ചനും സംസ്ഥാനം വിട്ടതായി സൂചന

കേസിലെ മൂന്നാം പ്രതിയായ അഞ്ജലിക്ക് ഹൈക്കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു

Update: 2022-03-09 01:07 GMT
Advertising

പോക്സോ കേസില്‍ പ്രതി ചേര്‍ത്ത ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടൽ ഉടമ റോയി വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും സംസ്ഥാനം വിട്ടതായി സൂചന. കഴിഞ്ഞദിവസമാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനുപിന്നാലെ റോയ് വയലാറ്റിന്‍റെ വീട്ടിലടക്കം അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ അഞ്ജലിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

കോഴിക്കോട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് കേസ്. 2021 ഒക്ടോബര്‍ 20 ന് റോയി വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് അതിക്രമം ഉണ്ടായെന്നാണ് പരാതി. രാത്രി പത്ത് മണിക്ക് ഹോട്ടിലിന്റെ ഹാളില്‍ വെച്ച് റോയ് വയലാറ്റ് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും രണ്ടാം പ്രതി സൈജു തങ്കച്ചനും മൂന്നാം പ്രതി അഞ്ജലി റീമ ദേവും മൊബൈലില്‍ ഇത് പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

പ്രതികളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. റോയ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. 

പരാതി വ്യാജമാണെന്നും പരാതിക്കാരി മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ജനുവരി 31നാണ് പ്രതികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ യുവതിയും മകളും പരാതി നല്‍കിയത്. മോഡലുകളുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോര്‍ജിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News