വൈദ്യുതി പ്രതിസന്ധി: എസ്എടിയിലെ ഉപകരണങ്ങളിൽ പലതും ക്ലാവ് പിടിച്ച നിലയിൽ
താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചത് ഉപകരണങ്ങൾ കേടുവരാൻ കാരണമായതായി കെഎസ്ഇബി
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധിക്കു പിന്നാലെ വൈദ്യുതി ഉപകരണങ്ങളിൽ പലതും ക്ലാവ് പിടിച്ച നിലയിലെന്ന് കണ്ടെത്തൽ. ജനറേറ്ററിന് വൈദ്യുതി എടുക്കാൻ കഴിയാതെ പോയത് വിസിബിയിലെ തകരാറുമൂലമാണെന്നും വിലയിരുത്തൽ. വാക്വം സർക്യൂട്ട് ബ്രേക്കർ ക്ലാവ് പിടിച്ച നിലയിലാണ്. ഇതിന്റേതുൾപ്പെടെ ക്ലാവ് പിടിച്ച ഉപകരണങ്ങളുടെ ദൃശ്യങ്ങൾ പുറത്തു വന്നു. താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചതാണ് ഉപകരണങ്ങൾ കേടുവരാൻ കാരണമായതിനു പിന്നിലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
മണിക്കൂറുകൾ നീണ്ട പ്രതിസന്ധിക്കു പിന്നാലെ ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂർണമായും പുനസ്ഥാപിച്ചു. കെഎസ്ഇബി തന്നെയാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് പറഞ്ഞു. ഇന്നലെ രാത്രി മുതൽ മുടങ്ങിയ വൈദ്യുതി നൂറുകണക്കിന് ആളുകൾക്ക് ദുരിതം സൃഷ്ടിച്ചു.
ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് വൈദ്യുതി മുടങ്ങിയത്. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്കുമുന്നിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു. ടോർച്ച് വെളിച്ചത്തിലാണ് ഡോക്ടർമാർ പരിശോധന നടത്തിയത്.
അതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. അവർ പ്രതിഷേധ മാർച്ചും നടത്തി.