ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിന് കാരണം 15 അംഗ പവർ ഗ്രൂപ്പ് -വിനയൻ
‘നിലവിലെ മന്ത്രി ഉൾപ്പെടെയുള്ള സംഘമാണ് മാക്ടയെ തകർത്തത്’
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിന് കാരണം മലയാള സിനിമയിലെ 15 അംഗ പവർ ഗ്രൂപ്പാണെന്ന് സംവിധായകൻ വിനയൻ. പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് വരാൻ ആശങ്കയുണ്ട്. മന്ത്രിമാർ വരെ ഈ വിഷയത്തെ ലഘൂകരിക്കുകയാണ്. ഇനിയും ഉറക്കം നടിക്കരുത്.
സിനിമാ മാഫിയയുടെ വലിയ പീഡനങ്ങൾ ഏറ്റുവാങ്ങിയവനാണ് താൻ. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം ഒരു പടം ചെയ്യാൻ തന്നെ സമ്മതിച്ചിട്ടില്ല . മുമ്പ് തന്നെ ഒതുക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇന്നും പവർ ഗ്രൂപ്പായി നിൽക്കുന്നുവെന്നത് ഖേദരമാണ്.
ഈ ഗ്രൂപ്പിൽ ആരൊക്കെയാണ് ഉള്ളതെന്ന് തനിക്കറിയാം. സർക്കാർ കോൺക്ലേവ് നടത്തുമ്പോൾ അതിന് മുന്നിൽ ഈ പവർ ഗ്രൂപ്പാണ് മുമ്പിലെങ്കിൽ വലിയ പ്രതിഷേധമുണ്ടാകും. മാക്ടയെ തകർത്തത് ഇവരാണ്. അതിൽ നിലവിലെ ഒരു സംസ്ഥാന മന്ത്രിയും ഉൾപ്പെടുന്നു.
മലയാള സിനിമയിൽ ഈ റിപ്പോർട്ട് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതിക്രമങ്ങൾ കാണിക്കുന്നവരുടെ ബലം കുറയുമെന്ന് മാത്രം. മലയാള സിനിമയിലെ സംഘടനകൾ ശക്തമായ നിലപാടെടുത്താൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും വിനയൻ പറഞ്ഞു.