പിപിഇ കിറ്റ് അഴിമതി; ലോകായുക്തക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തള്ളി
തിരുവനന്തപുരം: പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ ലോകായുക്തക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവർ രണ്ടാഴ്ചക്കകം ലോകായുക്തയ്ക്ക് വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു.
കോവിഡ് കാലത്തെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി ആരോപണം വന്നതിന് പിന്നാലെയാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. കേസിൽ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ, ആരോഗ്യ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ എന്നിവരുൾപ്പെടെ 11 പേർക്ക് ലോകായുക്ത നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്.
അഴിമതി ആരോപണം അന്വേഷിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. കേസിൽ ആരോപണ വിധേയരായ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉൾപ്പെടെയുള്ളവർ രണ്ടാഴ്ചക്കകം ലോകായുക്തക്ക് വിശദീകരണം നൽകാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ദുരന്തങ്ങൾ അഴിമതിക്ക് മറയാക്കരുതെന്ന് ഹരജി പരിഗണിക്കവെ കോടതി താക്കീത് നൽകിയിരുന്നു. കോൺഗ്രസ് നേതാവ് വീണാ എസ് നായരുടെ പരാതിയിലാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്.