ടിക്കാറാം മീണയുടെ പുസ്തക പ്രകാശന ചടങ്ങിൽ പ്രഭാവർമ്മ പങ്കെടുത്തില്ല
ടിക്കാറാം മീണക്കെതിരെ പി.ശശി വക്കീൽ നോട്ടീസ് അയച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പ്രഭാവർമ്മ മാറിനിന്നത്
തിരുവനന്തപുരം: ടിക്കാറാം മീണയുടെ ആത്മകഥയുടെ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവർമ്മ പങ്കെടുത്തില്ല. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് 'തോൽക്കില്ല ഞാൻ' ആത്മകഥ ശശി തരൂർ എംപി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പ്രകാശനം ചെയ്തത്. ആത്മകഥയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
വ്യാജ കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റിയെന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ കമ്മിഷണറായിരുന്ന ടിക്കാറാം മീണ ആരോപിച്ചത്. തൃശൂർ കലക്ടറായിരിക്കെയാണ് നടപടി നേരിട്ടത്. ഇതിന് പിന്നിൽ പി.ശശിയാണെന്നും ടിക്കാറാം മീണ ആരോപിച്ചിരുന്നു. അന്ന് ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി.ശശി.
എന്നാൽ മീണയുടെ ആത്മകഥയിലെ പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച് പി. ശശി വക്കീൽ നോട്ടീസയച്ചിരുന്നു. പുസ്തകത്തിലെ പരാമർശം അടിസ്ഥാന രഹിതവും കള്ളവുമാണെന്നും മന:പൂർവം തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിൻമാറണമെന്നും മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും പി. ശശി ആവശ്യപ്പെട്ടിരുന്നു. മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ കെ. വിശ്വൻ മുഖേനയാണ് പി. ശശി വക്കീൽ നോട്ടിസ് അയച്ചത്. ഇതേ തുടർന്നാണ് പ്രഭാവർമ പങ്കെടുക്കാതിരുന്നത്. പുസ്തക പ്രകാശന ചടങ്ങിലെ അധ്യക്ഷനായിരുന്നു പ്രഭാവർമ. മീഡിയ അക്കാദമി അധ്യക്ഷൻ ആർ.എസ്.ബാബുവും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.