'ഐഷ സുൽത്താനയല്ല, പ്രഫുൽ പട്ടേലാണ് രാജ്യദ്രോഹി'; വി.ശിവദാസൻ എം.പി

ക്രിമിനൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററാണെന്നും വി.ശിവദാസൻ

Update: 2021-06-11 12:14 GMT
Advertising

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടിയ ദ്വീപ്​ സ്വദേശിയും സിനിമ പ്രവർത്തകയുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ രാജ്യസഭ എം.പി വി.ശിവദാസൻ. ഐഷ സുൽത്താനയല്ല, ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ പട്ടേലാണ് രാജ്യദ്രോഹിയെന്ന്​ അദ്ദേഹം പറഞ്ഞു. ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത് രാജ്യദ്രോഹമാണോയെന്നും അദ്ദേഹം ചോദിച്ചു.

'ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപിൽ കോവിഡ് അതിതീവ്രമായി പടരാൻ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമർശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിൻ്റെ കൂടെ മാത്രമേ രാജ്യസ്നേഹമുള്ളവർക്ക് നിൽക്കാൻ സാധിക്കുകയുള്ളൂ. ക്രിമിനൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററാണ്'- വി.ശിവദാസൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഐഷ സുൽത്താനയല്ല, പ്രഫുൽ പട്ടേലാണ് രാജ്യദ്രോഹി. ഒരു ജനതയുടെ സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി ധീരമായി നിലകൊള്ളുന്നത് രാജ്യദ്രോഹമാണോ?. മണ്ണും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണോ?. തെറ്റായ നയങ്ങളിലൂടെ ദ്വീപിൽ മഹാമാരി പടർത്താൻ കാരണക്കാരായവരെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണോ?. ഭക്ഷണത്തിനും സംസ്കാരത്തിനും മേലുള്ള കടന്നുകയറ്റം ചെറുക്കുന്നത് രാജ്യദ്രോഹമാണോ?. സ്വാതന്ത്രത്തിനും ജനാധിപത്യത്തിനും വേണ്ടി നിവർന്നു നിൽക്കുന്നത് രാജ്യദ്രോഹമാണോ?

ആവർത്തിക്കുന്നു, ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന ലക്ഷദ്വീപിൽ കോവിഡ് അതിതീവ്രമായി പടരാൻ കാരണക്കാരനായ ഒരു ഭരണാധികാരിയെ വിമർശിച്ചു എന്നതാണ് ഐഷ ചെയ്ത കുറ്റം. ആ കുറ്റത്തിൻ്റെ കൂടെ മാത്രമേ രാജ്യസ്നേഹമുള്ളവർക്ക് നിൽക്കാൻ സാധിക്കുകയുള്ളൂ. ക്രിമിനൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളി ദ്വീപിനെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററാണ്. എൻ്റെ രാജ്യം സ്വാതന്ത്രത്തിൻ്റേതാണ്, അടിമത്തത്തിൻ്റേതല്ല. എൻ്റെ രാജ്യം ജനങ്ങളുടേതാണ്, പരമാധികാരികളുടേതല്ല. എൻ്റെ രാജ്യം സ്നേഹിക്കുന്നവരുടേതാണ്, വെറുപ്പിൻ്റെ വ്യാപാരികളുടേതല്ല. എൻ്റെ രാജ്യം പൊരുതുന്നവരുടേതാണ്, മുട്ടിലിഴയുന്നവരുടേതല്ല. ഐഷ സുൽത്താനയ്ക്കും പൊരുതുന്ന ലക്ഷദ്വീപിനും ഐക്യദാർഢ്യം

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News