'പ്രമോദിന്റെ പ്രവർത്തനം പാർട്ടി അച്ചടക്കത്തിന് നിരക്കാത്തത്': സി.പി.എം ജില്ലാ നേതൃത്വം
പുറത്താക്കാൻ പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചതാണെന്ന് പി. മോഹനൻ
കോഴിക്കോട്: പി.എസ്.സി വഴിയുള്ള ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ സി.പി.എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പുറത്താക്കാൻ പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചതാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത കാര്യങ്ങൾ പ്രമോദിൻ്റെ ഭാഗത്ത് നിന്നുണ്ടായെന്നും പ്രമോദ് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നും മോഹനൻ പറഞ്ഞു. അതാണ് പരിശോധിച്ചതെന്നും എല്ലാ കാര്യങ്ങളും ഏകമനസ്സോടെ എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പി.എസ്.സിയുമായി ബന്ധപ്പെട്ട ഒരു പരാതിയും വന്നിട്ടില്ലെന്നും ബാക്കിയെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്ന കോലാഹലങ്ങളെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആരോപിച്ചു. പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയായിരുന്നു നേതൃത്വത്തിന്റെ നടപടി. റിയൽ എസ്റ്റേറ്റ് ബന്ധം ചൂണ്ടികാട്ടിയാണ് നടപടി.
ഇതിനിടെ പുറത്താക്കിയ നടപടിയിൽ പ്രമോദ് കോട്ടൂളിയുടെ പ്രതികരണം സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി. പണം വാങ്ങിയെങ്കിൽ തെളിവ് നൽകണമെന്നും പുറത്താക്കിയത് തന്നെ അറിയിച്ചിട്ടില്ലെന്നും പ്രമോദ് പറഞ്ഞു.
പണം വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ശ്രീജിത്തിന്റെ വീട്ടിന്റെ മുമ്പിൽ പ്രമോദ് കുത്തിയിരിപ്പ് സമരം ആരംഭിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് തൻ്റെ അമ്മയേയും മകനേയും ബോധ്യപ്പെടുത്താനാണ് സമരമെന്നും പ്രമോദ് കൂട്ടിച്ചേർത്തു. ഇദ്ദേഹത്തിന്റെ അമ്മയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
തന്നെ കുടുക്കാൻ ചിലർ ശ്രമിച്ചുവെന്ന് ആരോപിച്ച പ്രമോദ് കോട്ടൂളി ആരോപണം ഉന്നയിച്ച ശ്രീജിത്തിന്റെ വീട്ടിലേക്ക് ആദ്യമായിട്ടാണ് പോകുന്നതെന്നും അവകാശപ്പെട്ടു. ശ്രീജിത്തിന്റെ ഭാര്യക്ക് നിയമനം നൽകാനാണ് പ്രമോദ് കോട്ടൂളി പണം കൈപ്പറ്റിയെന്നാണ് ആരോപണം.
ഇദ്ദേഹത്തിനെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന തരത്തിൽ നടപടി വേണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു.