കമിതാക്കളുടെ ഫേവറേറ്റ്; നാട്ടുകാർക്ക് തലവേദനയായി 'പ്രേമം' പാലം
പാലം സിനിമയിൽ വന്ന ശേഷം ഇവിടേക്ക് കമിതാക്കളുടെ ഒഴുക്കാണെന്ന് നാട്ടുകാര്‍ പറയുന്നു
ആലുവ: അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം പ്രേമത്തിലൂടെ പ്രശസ്തമായ പാലം നാട്ടുകാർക്ക് തലവേദനയാകുന്നു. ആലുവ തോട്ടക്കാട്ടുകര ഭാഗത്തെ അക്വഡേറ്റ് പാലമാണ് നാട്ടുകാർക്ക് പൊല്ലാപ്പ് സൃഷ്ടിക്കുന്നത്. സിനിമയിൽ വന്ന ശേഷം ഇവിടേക്ക് കമിതാക്കളുടെ ഒഴുക്കാണ്. ലോക്ക്ഡൗണിൽ ഇളവു വന്നതോടെ രാവും പകലും സാമൂഹ്യവിരുദ്ധരുടെ ശല്യമാണെന്നും നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കോളജ് വിദ്യാർത്ഥികളും കമിതാക്കളും അക്വഡേറ്റിൽ തമ്പടിക്കുന്നതിനാൽ നാട്ടുകാർക്ക് ഇതുവഴി സഞ്ചരിക്കാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കളമശേരി, ആലുവ നിയോജക മണ്ഡലങ്ങളിലായി കിടക്കുന്ന അക്വഡേറ്റ് പറവൂർ ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി സ്ഥാപിച്ചതാണ്. ഭൂനിരപ്പിൽ നിന്നും 15 അടിവരെ ഉയരത്തിൽ ആണ് അക്വഡേറ്റ് പോകുന്നത്. പ്രേമം സിനിമയുടെ തുടക്ക ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരുന്നത്.
തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിന് കുറുകെ അക്വഡേറ്റ് പോകുന്ന സ്ഥലത്ത് മുകളിലേക്ക് കയറുന്നതിന് സൗകര്യമുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്നടക്കം ബൈക്കിലും കാറുകളിലുമായി എത്തുന്നവർ പരിസരത്ത് വാഹനം പാർക്ക് ചെയ്യുകയാണ്. മറ്റ് രണ്ടിടത്ത് കൂടി അക്വഡേറ്റിലേക്ക് കയറാൻ സൗകര്യമുണ്ട്. ആലുവ മാർക്കറ്റ് ഭാഗത്ത് നിന്നാരംഭിച്ച് യു.സി കോളജ് വരെയാണ് അക്വഡേറ്റ്.
അക്വഡേറ്റിലേക്കുള്ള മൂന്ന് പ്രവേശന കവാടങ്ങളും തൽക്കാലത്തേക്ക് അടക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി പെരിയാർവാലി അസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകിയിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യം ഇല്ലാതാക്കാൻ പൊലീസ് ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.