അരിക്കൊമ്പനെ കൂട്ടിലാക്കും; കൂട് നിര്‍മിക്കാന്‍ മരങ്ങള്‍ മുറിച്ചുതുടങ്ങി
ആനയെ മയക്കുവെടിവച്ച് പിടികൂടി കോടനാട് ആനത്താവളത്തിലേക്ക് മാറ്റാനാണ് നീക്കം
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനായി വനം വകുപ്പ് കൂടൊരുക്കുന്നു. ആനയെ മയക്കുവെടിവച്ച് പിടികൂടി കോടനാട് ആനത്താവളത്തിലേക്ക് മാറ്റാനാണ് നീക്കം. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ കൂട് നിര്‍മിക്കാനുള്ള മരങ്ങള്‍ മുറിച്ചു തുടങ്ങി.
ഇടുക്കിയിൽ ഭീതി പരത്തുന്ന ഒറ്റയാൻമാരിൽ ഏറ്റവും അപകടകാരി അരിക്കൊമ്പനാണ്. അരിക്കൊമ്പനെ പിടികൂടാൻ ഉത്തരവിറങ്ങിയിട്ടും നടപടികൾ വൈകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിരുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന അരിക്കൊമ്പൻ അക്രമം നടത്തുന്നത് പതിവായതോടെ വനം വകുപ്പ് നടപടികൾ വേഗത്തിലാക്കി. ആനയെ മയക്കുവെടിവെച്ച് പിടികൂടി മാറ്റുന്നതിനാണ് പ്രഥമ പരിഗണന.
കോടനാട് അരിക്കൊമ്പനായി പ്രത്യേക കൂടൊരുക്കും. ഇതിനാവശ്യമായ മരങ്ങൾ മൂന്നാറിൽ മുറിച്ച് തുടങ്ങി. വയനാട്ടില്‍ നിന്നെത്തിയ സംഘം അടയാളപ്പെടുത്തിയ 128 മരങ്ങളാണ് മുറിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ കൂട് നിര്‍മാണം പൂർത്തിയായാല്‍ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വയനാട്ടില്‍ നിന്നുള്ള ദൗത്യ സംഘവും ഇടുക്കിയില്‍ എത്തും. രണ്ടാഴ്ചക്കകം അരിക്കൊമ്പനെ പിടിക്കാനാകുമെന്നാണ് വനം വകുപ്പിന്‍റെ കണക്കുകൂട്ടൽ.