പ്രതിഷേധത്തിനൊടുവിൽ സിറ്റി ഗ്യാസിന്റെ വിലകുറച്ചു; ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഉപഭോക്താക്കൾ
21 കിലോയുടെ ഗ്യാസിന് 130 രൂപയാണ് കുറച്ചത്
കൊച്ചി: ഉപഭോക്താക്കളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് വിതരണം ചെയ്യുന്ന സിറ്റി ഗ്യാസിന്റെ വില കുറച്ചു. 21 കിലോയുടെ സിറ്റി ഗ്യാസിന് 130 രൂപയാണ് കുറച്ചത്. 1490 രൂപയാണ് പുതുക്കിയ നിരക്ക്. സിറ്റി ഗ്യാസിന് കഴിഞ്ഞ കാലങ്ങളിൽ വർധിപ്പിച്ച വിലയുമായി താരതമ്യം ചെയ്യുമ്പോൾ തുച്ഛമായ തുക മാത്രമാണ് കുറച്ചിട്ടുള്ളതെന്ന് ഉപഭോക്താക്കൾ കുറ്റപ്പെടുത്തി. സിറ്റി ഗ്യാസ് പദ്ധതിയുടെ വൻ വില വർധനയിൽ പൊറുതിമുട്ടി നിരവധി ഉപഭോക്താക്കൾ പദ്ധതി ഉപേക്ഷിച്ചത് മീഡിയവൺ വാർത്തയാക്കിയിരുന്നു.
എൽ.പി.ജി സിലിണ്ടറിനെക്കാൾ 40 ശതമാനം വില കുറവിൽ ഗ്യാസ് ലഭ്യമാക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു 2016ൽ സിറ്റി ഗ്യാസ് പദ്ധതിയുടെ കടന്ന് വരവ്. 2019 ൽ 21 കിലോ ഗ്യാസിന്റെ ഒരു യൂണിറ്റിന് 36 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ പിന്നീട് ഇത് പലപ്പോഴായി വർധിപ്പിച്ച് 65 രൂപയാക്കി. അതായത് 2019 ൽ സിറ്റി ഗ്യാസിന്റെ ഒരു മെറ്റ്രിക്ക് മില്യൺ തെർമല് യൂണിറ്റിന് 831 രൂപയായിരുന്നത് കഴിഞ്ഞ വർഷമായപ്പോഴേക്കും 1620 രൂപയായി. വില വർധനയിൽ ഉപഭോക്താക്കളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഗ്യാസിന് 130 രൂപ കുറച്ചത്. 1490 രൂപയായിരിക്കും പുതിയ നിരക്കെന്ന് വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്താക്കൾക്ക് അയച്ച മൊബൈൽ സന്ദേശത്തിൽ പറയുന്നു.
എന്നാൽ സിറ്റി ഗ്യാസിന്റെ വർധിപ്പിച്ച വിലയുമായി താരതമ്യം ചെയ്യുമ്പോൾ തുച്ഛമായ തുക മാത്രമാണ് കുറച്ചിട്ടുള്ളതെന്നാണ് ഉപഭോക്താക്കളുടെ പരാതി. 130 രൂപ മാത്രം കുറച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അതിനാൽ വില ഇനിയും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് കോൺഗ്രസ് അടക്കമുളള സംഘടനകളുടെ തീരുമാനം.