പ്രധാനമന്ത്രിയുടെ സന്ദർശനം; കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോ ചൊവ്വാഴ്ച അടച്ചിടും
അന്നേ ദിവസത്തെ എല്ലാ സർവീസുകളും തൊട്ടടുത്ത ഡിപ്പോയായ വികാസ് ഭവനിൽ നിന്നും ആയിരിക്കും ആരംഭിക്കുന്നത്
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച തമ്പാനൂർ ഡിപ്പോ അടച്ചിടാൻ തീരുമാനം. രാവിലെ എട്ട് മുതൽ 11 വരെ ഡിപ്പോ പ്രവർത്തിക്കില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അന്നേ ദിവസത്തെ എല്ലാ സർവീസുകളും തൊട്ടടുത്ത ഡിപ്പോയായ വികാസ് ഭവനിൽ നിന്നും ആയിരിക്കും ആരംഭിക്കുന്നത്. തമ്പാനൂർ ഡിപ്പോയോട് ചേർന്നുള്ള പാർക്കിങ്ങ് സ്പേസിൽ നിന്നും തലേ ദിവസം വാഹനങ്ങള്‍ ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെട്ടിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഇത് സംബന്ധിച്ച വിശദാംശങ്ങൾ തേടിയിരുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന സംസ്ഥാന ഇന്‍റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതര വീഴ്ചയായാണ് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്. പിഎഫ്ഐ നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷ ഭീഷണി അതീവഗൗരവത്തോടെ കാണണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. പഞ്ചാബിൽ കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പ്രതിഷേധമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതിന് പിന്നാലെ പൊതുപരിപാടി റദ്ദാക്കുകയും ചെയ്തു.സമാന രീതിയിലുളള പ്രതിഷേധം കേരളത്തിലുമുണ്ടാകാനുളള സാധ്യതയും ആഭ്യന്തരമന്ത്രാലയം കാണുന്നുണ്ട്.
ഇതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം നിർദേശം നൽകി.അതേ സമയം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്ക് പഴുതടച്ചുളള സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. നഗരത്തില്‍ രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ റോഡ് ഷോ സമയത്ത് ട്രാഫിക് ക്രമീകരണം തയ്യാറാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ നാളെ കൊച്ചിയില്‍ ഉന്നതതല യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.