ആര്‍.ടി.പി.സി.ആര്‍ നിരക്ക് വർധിപ്പിക്കണമെന്ന് സ്വകാര്യ ലാബുകള്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കും
മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കുമാണ് കത്ത് നൽകുക
ആര്‍.ടി.പി.സി.ആര്‍ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ലാബുകൾ സർക്കാരിന് കത്ത് നൽകും. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കുമാണ് കത്ത് നൽകുക. 500 രൂപ നിരക്കിൽ പരിശോധന നടത്താനാകില്ലെന്നാണ് ലാബ് ഉടമകള്‍ പറയുന്നത്.
ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആര്‍.ടി.പി.സി.ആര്‍ ലാബ് കണ്‍ലോർഷ്യം അറിയിച്ചിരുന്നു. 1700 രൂപ വരെ സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്ന ടെസ്റ്റിന് ഇപ്പോള്‍ 500 രൂപയാക്കി നിജപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് അമിത നിരക്കാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ആരോഗ്യവകുപ്പ് നിരക്ക് കുത്തനെ കുറച്ചത്. എന്നാല്‍ ഉത്തരവ് ലഭിച്ചില്ലെന്ന ന്യായം പറഞ്ഞാണ് പഴയ തുകയായ 1700 തന്നെ സ്വകാര്യ ലാബുകള്‍ ഇന്ന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നു. ഉത്തരവ് ലഭിച്ചാല്‍ മാത്രമേ നിരക്ക് കുറക്കാനാകൂയെന്നായിരുന്നു ലാബുകാരുടെ നിലപാട്. ഇത് സംബന്ധിച്ച വാര്‍ത്ത വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലായിരുന്നു ആര്‍.ടി.പി.സിആര്‍ നിരക്ക് കൂടുതല്‍. ഇതേ തുടര്‍ന്ന് പലമേഖലകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.