പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ; മൂന്ന് മണ്ഡലങ്ങളിൽ പ്രചാരണം നടത്തും
തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് പ്രിയങ്ക പ്രചാരണത്തിനെത്തുക.
തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് യു.ഡി.എഫ് സ്ഥാനാർഥികൾക്കായി പ്രിയങ്ക പ്രചാരണം നടത്തുക. രാവിലെ 11.30 യോടെ കൊച്ചിയിലെത്തുന്ന പ്രിയങ്കയുടെ ആദ്യ പരിപാടി ചാലക്കുടി മണ്ഡലത്തിലെ എരിയാടാണ്. ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് വൈകുന്നേരം തിരുവനന്തപുരത്ത് റോഡ് ഷോയിലും പങ്കെടുക്കും.
അതേസമയം, കെ.കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവും അതേ തുടർന്നുള്ള ആരോപണ പ്രത്യാരോപണങ്ങളും നിലനിൽക്കെ വടകര മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. രാവിലെ 10ന് പുറമേരിയിലും വൈകീട്ട് കൊയിലാണ്ടിയിലും തലശ്ശേരിയിലും പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. സൈബർ അധിക്ഷേപത്തിൽ കോൺഗ്രസ്, മുസ്‍ലിം ലീഗ് പ്രവർത്തകർ അടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.