ആന്‍റണി എന്ന കുഞ്ഞാടിനും ഒടുവിൽ മാനസാന്തരമോ? മോദിയുടെ മുൻപിൽ ഇനി മുട്ടുകുത്തി പ്രാർഥിക്കുമായിരിക്കും; വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രൊഫ.ജി ബാലചന്ദ്രന്‍
ആന്‍റണിയുടെ മകന് ബിസിനസിൽ നിന്ന് തിരിച്ചു വന്നപ്പോൾ രാഷ്ട്രീയ മോഹമുണ്ടായി
എ.കെ ആന്‍റണിക്കും കുടുംബത്തിനുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രൊഫ.ജി ബാലചന്ദ്രന്‍. കോൺഗ്രസിന്‍റെയും എ.കെ ആന്‍റണിയുടേയും യശസ്സിനു മങ്ങലേല്പിച്ച കുടുംബത്തിന്‍റെ സ്വാർത്ഥ മോഹം അക്ഷന്തവ്യമാണെന്ന് ബാലചന്ദ്രന്‍ പറയുന്നു. അമ്മയുടേയും മകന്‍റെയും നിലപാട് കൊണ്ട് ആന്‍റണി അനുഭവിക്കുന്ന മനോവേദനയ്ക്കു അതിരില്ലെന്നും ഇനി ആന്‍റണിക്ക് മാനസാന്തരമുണ്ടായി മോദിയുടെ മുന്‍പില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുമോ എന്നു ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു.
ബാലചന്ദ്രന്‍റെ കുറിപ്പ്
മകൻ ഭാഗ്യാന്വേഷി അമ്മയ്ക്ക് സായൂജ്യം അച്ഛന് മനോവേദന
എ.കെ ആന്‍റണി എന്‍റെ ഉറ്റ സുഹൃത്താണ്. അദ്ദേഹം കെഎസ്‍യു പ്രസിഡന്റായിരുന്നപ്പോൾ ഞാൻ വൈസ് പ്രസിഡന്‍റായിരുന്നു. ഞാൻ ആലപ്പുഴ ഡിസിസി പ്രസിഡന്‍റായിരുന്നപ്പോഴാണ് ആന്‍റണി ചേർത്തലയിൽ നിന്ന് മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രിയായത്.
ആന്‍റണിയുടെ മകന് ബിസിനസിൽ നിന്ന് തിരിച്ചു വന്നപ്പോൾ രാഷ്ട്രീയ മോഹമുണ്ടായി. കോൺഗ്രസ്സ് അനിൽ ആന്‍റണിയെ സൈബർ സെൽ കൺവീനറാക്കി. പോരാതെ അദ്ദേഹത്തിന് എം.എൽ.എ.യോ എം.പി.യോ ആകണം. ചുമ്മാതങ്ങ് പാലിമെന്‍ററി സ്ഥാനങ്ങൾ നല്കാനാവുമോ? ജി.കാർത്തികേയൻ മരിച്ചപ്പോൾ ഉദ്യോഗത്തിൽ നിന്നു തിരിച്ചു വന്ന ശബരീനാഥന് മത്സരിക്കാനും സഹതാപ തരംഗം കൊണ്ട് ജയിക്കാനും കഴിഞ്ഞു. പി.ടി തോമസ് മരിച്ചപ്പോൾ ഉമാ തോമസിനും മത്സരിച്ചു ജയിക്കാൻ കഴിഞ്ഞു. ഉമ്മൻ ചാണ്ടി നിര്യാതനായപ്പോൾ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ചാണ്ടി ഉമ്മന് മത്സരിക്കാനും ജയിക്കാനും കഴിഞ്ഞു. അതൊക്കെ അവസരവും ഭാഗ്യവും ഒത്തു വന്നതു കൊണ്ടാണ്. അനിൽ ആന്‍റണി അങ്ങനെയാണോ ? അദ്ദേഹത്തിന്‍റെ ശരീര ഭാഷ പോലും രാഷ്ട്രീയത്തിനു വഴങ്ങുന്നതല്ല. സംസാരത്തിൽ പോലും പിഴവു വരുന്നു. പക്ഷേ കൗശലക്കാരായ ബി.ജെ.പിക്കാർ എ.കെ ആന്‍റണിയുടെ മകനായതു കൊണ്ട് ബി.ജെ.പി ജനറൽ സെക്രട്ടറിയാക്കി-വക്താവുമാക്കി.
അമ്മ എലിസബത്ത് ആന്‍റണിപറയുന്നു അവരുടെ പ്രാർത്ഥനയും ആഗ്രഹവും കൊണ്ടാണ് അനിൽ ആന്‍റണിക്ക് ബി.ജെ.പിയിൽ സ്ഥാനമാനങ്ങൾ കിട്ടിയതെന്ന്. മാത്രമല്ല കോൺഗ്രസ്സിൽ നിന്നപ്പോൾ അനിൽ ആന്‍റണിക്ക് ഒരു സ്ഥാനവും കിട്ടിയില്ല. മാത്രമല്ല മകന്‍റെ നല്ല പ്രായവും കഴിയുന്നു. അമ്മയും മക്കളും എ.കെ ആന്‍റണി ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നപ്പോഴൊക്കെ അതിന്‍റെ തണലിൽ സൗഭാഗ്യങ്ങൾ അനുഭവിച്ചിട്ടുള്ളത് മറക്കാൻ കഴിയുമോ?. മാത്രമല്ല എലിസബത്ത് ആന്‍റണി വരച്ച ചിത്രങ്ങൾ വിലയ്ക്കു വാങ്ങിയതിന്‍റെ പേരിൽ ആന്‍റണി ചില്ലറ പഴിയല്ല കേട്ടത്. ഇപ്പോൾ അദ്ദേഹം കോൺഗ്രസിന്‍റെ വർക്കിംഗ് കമ്മിറ്റിയിലുണ്ട്. അമ്മയുടേയും മകന്‍റെയും ഈ നിലപാട് കൊണ്ട് ശ്രീ. എ.കെ ആന്‍റണി അനുഭവിക്കുന്ന മനോവേദനയ്ക്കു അതിരില്ല. ഈ പ്രായത്തിലെങ്കിലും അദ്ദേഹത്തിന് സൗഖ്യവും സമാധാനം പകരുന്നതിനു പകരം അസംതൃപ്തിയുടെ ചുരുളഴിക്കുന്നത് രാഷ്ട്രീയ കേരളത്തിനും കോൺഗ്രസ്സിനും അപകീർത്തിയുണ്ടാക്കിയിരിക്കുന്നു.
എനിക്കും ഭാര്യയും രണ്ടു മക്കളുമുണ്ട്. അവർക്ക് രാഷ്ട്രീയ മോഹമുണ്ടാക്കാനോ അതിനു പ്രേരിപ്പിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല. കോൺഗ്രസ്സിലെ ഗ്രൂപ്പുകളി മടുത്തപ്പോൾ ഞാൻ പ്രാഥമികാംഗത്വം മാത്രമെടുത്തു ഒതുങ്ങി എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കോൺഗ്രസിന്‍റെയും എ.കെ ആന്‍റണിയുടേയും യശസ്സിനു മങ്ങലേല്പിച്ച കുടുംബത്തിന്‍റെ സ്വാർത്ഥ മോഹം അക്ഷന്തവ്യമാണ്. കൃപാസനത്തിൽ പോയി മാതാവിന്റെ മുൻപിൽ കുറിപ്പെഴുതി വച്ച് ജോസഫച്ചന്‍റെ മദ്ധ്യസ്ഥ പ്രാർത്ഥനയിൽ വെളിപാടുണ്ടായി എന്നാണ് ശ്രീമതി എലിസബത്ത് പറഞ്ഞത്. എ.കെ ആന്‍റണിയുടെ അവിശ്വാസവും എലിസബത്തിന്‍റെ വിശ്വാസവും അനുരഞ്ജനത്തിലെത്തിയത്രേ. ഒരു പുരുഷായുസ് മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ച ആന്‍റണി എന്ന കുഞ്ഞാടിനും ഒടുവിൽ മാനസാന്തരമോ? മോദിയുടെ മുൻപിൽ ഇനി മുട്ടുകുത്തി പ്രാർത്ഥിക്കുമായിരിക്കും.
പ്രൊഫ.ജി.ബാലചന്ദ്രൻ