പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ്: കെ സുധാകരൻ പങ്കെടുക്കില്ല
തരൂരിനൊപ്പമായിരുന്നു സുധാകരൻ പങ്കെടുക്കേണ്ടിയിരുന്നത്.
Update: 2022-11-26 10:48 GMT
കൊച്ചി: കൊച്ചിയിൽ നാളെ നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും വിഡി സതീശനും ഒരുമിച്ചാണ് വേദി പങ്കിടേണ്ടിയിരുന്നത്.
പ്രൊഫഷണൽ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ കൂടിയായ ശശി തരൂർ പങ്കെടുക്കുന്ന പ്രധാന പരിപാടിയാണ് നാളത്തെ കോൺക്ലേവ്. രാവിലെ 9.30നാണ് പരിപാടിയുടെ ഉദ്‌ഘാടനം നടത്തേണ്ടിയിരുന്നത്. കെ സുധാകരൻ ഉദ്ഘടനം ചെയ്യുന്ന പരിപാടിയിൽ മുഖ്യപ്രഭാഷകനായാണ് തരൂർ എത്തുന്നത്. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
എന്നാൽ, കണ്ണൂരിൽ മറ്റൊരു പരിപാടി ഉള്ളതിനാൽ കോൺക്ലേവിന് എത്തില്ലെന്നാണ് ഇപ്പോൾ സുധാകരൻ അറിയിച്ചിരിക്കുന്നത്. ഓൺലൈനിൽ പരിപാടി ഉദ്‌ഘാടനം ചെയ്യുമോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല.