ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് വെട്ടിപ്പ്; ആഭ്യന്തര അന്വേഷണം നടത്താൻ നിര്‍ദേശം
സ്പിരിറ്റ് വെട്ടിപ്പിൽ എക്സൈസിന് വീഴ്ച പറ്റിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ
ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ ആഭ്യന്തര അന്വേഷണം നടത്താൻ എക്സൈസിനും ബീവറേജസ് കോർപ്പറേഷനും വകുപ്പ് മേധാവിമാരുടെ നിർദേശം. സ്പിരിറ്റ് വെട്ടിപ്പിൽ എക്സൈസിന് വീഴ്ച പറ്റിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
എക്സൈസ് വീഴ്ച മറയാക്കിയാണ് പ്രതികൾ സ്പിരിറ്റ് വെട്ടിപ്പ് നടത്തിയതെന്നും പൊലീസ് കണ്ടെത്തി. കേസിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ടി.എസ്.സിയിലേക്ക് എത്തുന്ന സ്പിരിറ്റിന്‍റെയും പുറത്തോട്ട് പോകുന്നതും നശിപ്പിക്കപ്പെടുന്നതുമായ മദ്യത്തിന്‍റെയും പരിശോധനകളിൽ വീഴ്ച വരുത്തിയതാണ് വൻ സ്പിരിറ്റ് വെട്ടിപ്പിന് കാരണമായത്. സ്ഥാപനത്തിനുള്ളിൽ സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോസ്ഥനുണ്ടായിട്ടു പോലും ഇത്തരം പരിശോധനകൾ എക്സൈസ് വിഭാഗം നടത്താതിരുന്നതാണ് പ്രതികൾ മറയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഗുരുതര വീഴ്ചകൾ പുറത്ത് വന്ന തോട് കൂടി എക്സൈസ് കമ്മീഷണറും ബിവറേജസ് കോർപ്പറേഷൻ എം.ഡിയും റിപ്പോർട്ട് തേടിയുണ്ട് . വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും എക്സൈസ് മന്ത്രിക്ക് ഇന്ന് തന്നെ പരാതി നൽകുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മധ്യപ്രദേശിലെ വൻ സ്പിരിറ്റ് ലോബിയുടെ സഹായത്തോടെയാണ് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ വെടിപ്പ് നടത്തിയത്. അറസ്റ്റിലായ വാഹന ഡ്രൈവർമാർക്ക് ടാങ്കർ ലോറികളിലെ ഇ- ലോക്ക് തകർക്കുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. അതേ സമയം വിതരണക്കാരായ കേറ്റ് എൻജിനീയറിംഗിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇതിന് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.