നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ
ബാലചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുള്ള തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ. വിചാരണ കോടതിയിൽ ആണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്രന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷൻ ആവശ്യം.
ഈ കേസുമായി ബന്ധപ്പെട്ട് വിചാരണ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെയാണ് കേസിൽ നർണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. കേസിൽ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നു പറഞ്ഞ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷൻ ആദ്യം നൽകിയ ഹർജി സുപ്രീം കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ബാലചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുള്ള തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.
നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടിട്ടുണ്ടെന്നും കൈക്കൂലി നൽകിയെന്നുമുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകൻ നടത്തിയത്. ആയതിനാൽ കേസിൽ സംവിധായകൻ ബാലചന്ദ്രനെ സാക്ഷിയാക്കിയുള്ള കൃത്യമായ അന്വോഷണമാണ് നടക്കേണ്ടതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ആരെങ്കിലും പുതിയ വെളിപ്പെടുത്തലുകൾ നടത്തിയാൽ കേസിൽ തുടരന്വോഷണം വേണമെന്ന് പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചിരുന്നു. കേസിൽ ഏതാണ്ട് 140 സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്. കേസിന്റെ വിധി പ്രഖ്യാപനം അടുത്തിടെയുണ്ടാകാനുള്ള സാധ്യത നില നിൽക്കെയാണ് പുതിയ വെളിപ്പെടുത്തലുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കോടതി വ്യക്തമാക്കിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിചാരണ ഇപ്പോഴും കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.