‘പാകിസ്താൻ വാദം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉയർന്നത് മലപ്പുറം ജില്ലയിൽ നിന്ന്’ -പാലോളി മുഹമ്മദ് കുട്ടി
‘മതേതര മലപ്പുറം മുന്നോട്ട്’എന്ന മലപ്പുറം ജില്ലാ സമ്മേളന സ്മരണികയിലെ അഭിമുഖത്തിലാണ് മുതിർന്ന സിപിഎം നേതാവിന്റെ പരാമർശം’
കോഴിക്കോട്: സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്‍ലിംലീഗ് മുന്നോട്ട് വെച്ചത് പാകിസ്താൻ വാദത്തിന് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഈ ആവശ്യം ഉയർന്നത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി.
മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘മതേതര മലപ്പുറം മുന്നോട്ട്’ എന്ന മാഗസിനിലെ ‘സൗമ്യദീപ്തം പാലോളി ജീവിതം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഇന്റർവ്യൂവിലാണ് വിവാദ പരാമർശമുള്ളത്.
മുസ്‍ലിംലീഗിന് വലിയ അപ്രമാദിത്തം വരാനുണ്ടായ കാരണമെന്താണെന്ന ചോദ്യത്തിനാണ് പാലോളി മറുപടി നൽകിയിരിക്കുന്നതിങ്ങനെയാണ്. - ‘മുസ്‍ലിംലീഗ് മുന്നോട്ട് വെച്ചത് പാകിസ്താൻ വാദമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഈ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയിൽ നിന്നുമായിരുന്നു. അന്ന് മുസ്‍ലിം സമുദായത്തിലുള്ള പ്രമാണിമാരായ ആളുകൾ ബ്രിട്ടീഷ് അനുകൂലികളായിരുന്നു. അതുകൊണ്ടുതന്നെ അവർ ഉന്നയിച്ച പാക്കിസ്താൻ വാദത്തിന് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാരിൽ നിന്നും ലഭിച്ചു.
അന്ന് മലബാറിലെ മുസ്‍ലിംലീഗ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെ.എം സീതി സാഹിബ്, സത്താർ സേട്ടു എന്നിവരായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നപക്ഷം പിന്നീട് ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്‍ലിംകൾക്ക് ജീവിക്കാൻ കഴിയില്ല എന്നായിരുന്നു സീതി സാഹിബ് മലപ്പുറത്ത് നടന്ന മുസ്‍ലിം ലീഗിന്റെ സമ്മേളനത്തിൽ പറഞ്ഞത്. മുസ്‍ലിംകൾ ഇടത്തോട്ട് മുണ്ടുടുക്കുന്നവരാണ്. ഹിന്ദുക്കൾ ആണെങ്കിൽ വലത്തോട്ടും. മുസ്‍ലിംൾക്ക് ചാണകം നജസാണ് ഹിന്ദുക്കൾക്ക് പുണ്യവും. ഇങ്ങനെ വൈരുദ്ധ്യമുള്ളവർ എങ്ങനെ ഒരുമിച്ച് ഭരണം നടത്തുമെന്ന ചോദ്യമായിരുന്നു സീതി സാഹിബിന് ഉണ്ടായിരുന്നത്. അതുകൊണ്ട് പാക്കിസ്താൻ കിട്ടിയേ തീരു എന്നായിരുന്നു ലീഗിന്റെ ആവശ്യം.’
ഇതിന് എതിർ ശബ്ദമൊന്നും ഉണ്ടായില്ലേ ? എന്ന ചോദ്യത്തിന് നൽകിയ മറുപടിയിങ്ങനെയാണ്- ‘ഉണ്ട്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പ്രസംഗം അക്കാലത്ത് കോട്ടപ്പടിയിൽ നടന്നിട്ടുണ്ട്. ഹിന്ദു-മുസ്‍ലിം ഐക്യമാണ് മുസ്‍ലിംകൾക്ക് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വിഭജിക്കപ്പെട്ട ഇന്ത്യയിൽ മുസ്‍ലിംകൾ ജീവിക്കുമ്പോൾ ഈ മഹത്തായ രാജ്യത്തെ ഒറ്റിക്കൊടുത്തവർ എന്ന മട്ടിലാണ് മറ്റുള്ളവർ കാണുകയെന്നും അത് ഏതുകാലത്തും മുസ്‍ലിംകൾക്ക് എതിരെയുള്ള വികാരം ആളിക്കത്തിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുമെന്നായിരുന്നു അബ്ദുറഹിമാൻ സാഹിബ് പറഞ്ഞത്.’
താൻ പാർട്ടിയിലേക്ക് വന്നത് കമ്യൂണിസ്റ്റ് പാർട്ടി നയങ്ങളും നിലപാടും തിരിച്ചറിഞ്ഞിട്ടല്ലെന്നും 1946 ൽ കോട്ടപ്പടി മൈതാനിയിൽ നടന്ന പൊതുയോഗമാണ് പാർട്ടിപ്രവർത്തനത്തിലേക്ക് ആകർഷിച്ചതെന്നും മുൻ ജില്ലാസെക്രട്ടറികൂടിയായ പാലോളി വ്യക്തമാക്കുന്നു.
അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായിട്ട് ഒരു പഞ്ചായത്തിൽ നാലോ അഞ്ചോ പേർ മാത്രമെ ഉണ്ടായിരുന്നുള്ളു.ജില്ലയിൽ നാലോ അഞ്ചോ സ്ഥലങ്ങളിൽ മാത്രമാണ് പാർട്ടി അംഗങ്ങൾ ഉണ്ടായിരുന്നത്. 1948 ൽ പാർട്ടി നിരോധിച്ചതിനെ തുടർന്ന് കൊടിയ മർദ്ദനത്തിന് പാർട്ടിപ്രവർത്തകർ വിധേയരായെന്നും പാലോളി അഭിമുഖത്തിൽ പറഞ്ഞു.