ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പ് നൽകി മന്ത്രി വീണാ ജോർജ്
ശിശുവികസന വകുപ്പ് ഡയറക്ടർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി
കൊല്ലം: തഴുത്തലയിൽ ഭർതൃമാതാവ് വീട്ടിൽ നിന്ന് പുറത്താക്കിയ അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ശിശുവികസന വകുപ്പ് ഡയറക്ടർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.
കൊട്ടിയം തഴുത്തല പി.കെ ജംക്ഷൻ ശ്രീനിലയത്തിൽ ഡി.വി അതുല്യയ്ക്കും മകനുമാണ് അര്‍ധരാത്രിയില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് യുവതിയെയും കുഞ്ഞിനെയും ഗേറ്റ് പൂട്ടി പുറത്താക്കിയത്. രാത്രി 11.30 വരെ ഗേറ്റിന് പുറത്ത് നിന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മതില്‍ കടന്ന് സിറ്റ് ഔട്ടിലെത്തി.
ത്രി മുഴുവൻ വീടിന്‍റെ സിറ്റ് ഔട്ടിലാണ് കിടന്നതെന്ന് അതുല്യ പറഞ്ഞു. സ്ത്രീധനം കൂടുതല്‍ ചോദിച്ചും കാര്‍ ആവശ്യപ്പെട്ടും വിവാഹത്തിന് ശേഷം നിരന്തര പീഡനമാണ് അനുഭവിക്കുന്നതെന്ന് യുവതി വെളിപ്പെടുത്തി. പ്രശ്നം നേരത്തെ പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. യുവതിയും കുഞ്ഞും ഒരുമിച്ച് വീട്ടിൽ താമസിക്കാമെന്നാണ് ധാരണ. ഭർതൃമാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റും.
അതുല്യക്കും കുട്ടിക്കും വീട്ടിൽ കഴിയാൻ ഉള്ള സംരക്ഷണം നൽകുമെന്നും കുട്ടിയെ പുറത്തു നിർത്തിയതിന് നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ.