ശിശു മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയിൽ കുത്തിയിരുപ്പ് സമരം
കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കൾ
ശിശു മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിൽ കുത്തിയിരുന്ന് സമരം. മരിച്ച കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കൾആരോപിച്ചു. ശാശ്വത നടപടി ഉണ്ടാവും വരെ സമരം തുടരുമെന്നും ബന്ധുക്കൾ പറഞ്ഞു.സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. രണ്ടു കിലോ തൂക്കമുള്ള ആരോഗ്യമുള്ള കുഞ്ഞായിരുന്നുന്നെന്നും ബന്ധുക്കൾ പറയുന്നു.
എന്നാൽ കുട്ടിക്ക് ബി.പി.കൂടുതലായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് സൗകര്യമില്ലാത്തതിനാൽ അഗളിയിലേക്ക് കൊണ്ടുപോയി. അവിടെയും സൗകര്യമില്ലാത്തതിനാൽ പോസ്റ്റ്‌മോർട്ടം നടന്നില്ല. എന്നാൽ കുഞ്ഞിന്റെ മൃതദേഹത്തോടൊപ്പം നഴ്‌സിനെയോ ആരോഗ്യപ്രവർത്തകരെയോ വിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലായിരിക്കും ഇനി കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടക്കുക.