എറണാകുളത്ത് വൃദ്ധ ദമ്പതികളുടെ വീട് ജപ്തി ചെയ്യുന്നതിനെതിരെ പ്രതിഷേധം; വീട്ടമ്മ കുഴഞ്ഞുവീണു
പ്രതിഷേധത്തെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി ചെയ്യാതെ മടങ്ങിപ്പോയി
കൊച്ചി: എറണാകുളം ചെറായിയിൽ വൃദ്ധ ദമ്പതികളുടെ വീട് ജപ്തി ചെയ്യുന്നതിനെതിരെ പ്രതിഷേധം. ചെറായി സ്വദേശി മാത്യുവിന്റെ വീട് ജപ്തി ചെയ്യുന്നതിനെതിരായണ് പ്രതിഷേധമുയർന്നത്. ബാങ്ക് അധികൃതർ ജപ്തി നടപടികൾക്കായി എത്തിയപ്പോൾ മാത്യുവിന്റെ ഭാര്യ കുഴഞ്ഞുവീണു. പ്രതിഷേധത്തെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി ചെയ്യാതെ മടങ്ങിപ്പോയി.
2014ലാണ് മാത്യു ചേറായി എസ്.ബി.ഐ ശാഖയിൽ നിന്ന് 10 ലക്ഷം രുപ ലോണെടുക്കുന്നത്. തുടർന്ന് എട്ടു ലക്ഷത്തോളം രൂപ തിരിച്ചടച്ചു. പിന്നീട് മകൾക്കും ഭാര്യക്കും മാരകമായ രോഗം പിടിപ്പെട്ടതിനെ തുടർന്നും കോവിഡ് സാഹചര്യത്തിലും തിരിച്ചടവ് മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതിനെ തുടർന്ന് കോടതിയിൽ കേസെത്തുകയും കോടതി ജപ്തി ചെയ്യാനുള്ള ഉത്തരവ് നൽകുകയുമായിരുന്നു.
ഇന്ന് രാവിലെ ബാങ്ക് ജീവനക്കാർ ജപ്തി നടപടികൾക്കായി വീട്ടിലെത്തിയെങ്കിലും വാർഡ് മെംബറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ഉപരോധിക്കുകയായിരുന്നു. ഒരു കാരണവശാലും മാത്യുവിന്റെ കുടുംബത്തെ ഇവിടെ നിന്നും ഇറക്കിവിടാൻ കഴിയില്ലെന്നും ഇവർക്കൊരു സാവകാശം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ നേരത്തെ തന്നെ പലതവണ സാവകാശം നൽകിയിട്ടും ഇവർ ബാക്കി തുക അടയ്ക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ജപ്തി ചെയ്യാതെ പോകില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ബാങ്ക് അധികൃതർ മടങ്ങിപ്പോവുകയായിരുന്നു.