ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗിയുടെ കാലിലേക്കുള്ള ധമനി മുറിച്ച ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം
കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കാണ് ശസ്ത്രക്രിയക്കിടെ ഗുരുതര വീഴ്ച സംഭവിച്ചത്.
കാസർകോട്: കാസർകോട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗിയുടെ കാലിലേക്കുള്ള ധമനി മുറിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു. ജില്ലാ ആശുപത്രിയിലേക്ക് എഐവൈഎഫ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. ഡോക്ടർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം.
കാസർകോട്ട് പുല്ലൂർ പെരളത്തെ വി. അശോകന്റെ 10 വയസ്സുകാരനായ മകൻ ആദിനാഥിൻ്റെ ഹെർണിയ ശസ്ത്രക്രിയയിടെ കാലിലേക്കുള്ള ധമനി മുറിച്ച സംഭവത്തിലാണ് പ്രതിഷേധം. യൂത്ത് ലീഗ് പ്രവർത്തകർ ഡിഎംഒ ഓഫീസിലേക്ക് ചെരിപ്പ് മാലയുമായി മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എഐവൈഎഫ് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു.
സെപ്തംബർ19ന് രാവിലെയായിരുന്നു ശസ്ത്രക്രിയ. ജില്ലാ ആശുപത്രിയിലെ ഡോ. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയക്കിടെയാണ് പിഴവ് സംഭവിച്ചത്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിൻ വിദഗ്ധ പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡിഎംഒ അറിയിച്ചതായി കുട്ടിയുടെ അച്ഛൻ പറഞ്ഞു.