ഭക്ഷണവുമായെത്തുന്ന സന്നദ്ധപ്രവർത്തക വാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് പരാതി; ചൂരൽമലയിൽ പ്രതിഷേധം
ഭക്ഷണം കഴിച്ചിട്ടില്ലെന്നും തങ്ങൾ ക്ഷീണിച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടി.
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കുൾപ്പെടെ ഭക്ഷണവുമായി എത്തുന്ന വാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൂരൽമലയിൽ മന്ത്രിമാർക്കെതിരെ രക്ഷാപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
മേപ്പാടിയിൽ നിന്ന് ഭക്ഷണവുമായി വരുന്ന സന്നദ്ധ പ്രവർത്തകരുടെ വാഹനങ്ങൾ ഇവിടേക്ക് കടത്തിവിടുന്നില്ലെന്നാണ് പരാതി. ഭക്ഷണവുമായി ജില്ലാ ഭരണകൂടത്തിന്റെ വാഹനം മാത്രമാണ് ഇവിടേക്ക് എത്തുന്നത്. ഭക്ഷണം കഴിച്ചിട്ടില്ലെന്നും തങ്ങൾ ക്ഷീണിച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടി.
ആംബുലൻസ് പോകുന്നതിന് തടസമവാതിരിക്കാനാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ ഭക്ഷണം കൊണ്ടുവരുന്നതിന് തടസം ഉണ്ടാവരുതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
അതേസമയം, രക്ഷാപ്രവർത്തകരുടെ പരാതിയും പ്രതിഷേധവും ശ്രദ്ധയിൽപ്പെട്ടതോടെ ഭക്ഷണസാമഗ്രഹികൾ കൊണ്ടുവരുന്ന വാഹനങ്ങൾ കടത്തിവിടാൻ നിർദേശം നൽകിയതായി മന്ത്രി വി. അബ്ദുർറഹ്‌മാൻ അറിയിച്ചു. ദുരന്തമുഖത്ത് നിരവധി രക്ഷാപ്രവർത്തകരും നാട്ടുകാരും ഉള്ളതിനാൽ സന്നദ്ധപ്രവർത്തകരടക്കം കൊണ്ടുവരുന്ന ഭക്ഷണമാണ് ഇവർക്ക് ആശ്വാസം.
ഇതിനൊപ്പം ജില്ലാ ഭരണകൂടവും ഭക്ഷണമടക്കം എത്തിക്കുന്നുണ്ട്. സൈനികരുടേത് അടക്കമുള്ള വലിയ വാഹനങ്ങളും ആംബുലൻസുകളും വരേണ്ട സാഹചര്യം മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അധികൃതർ പറയുന്നു. അതേസമയം, മുണ്ടക്കൈയിൽ മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
അതേസമയം, ചൂരൽമലയിലേക്കുള്ള റോഡിൻ്റെ ഇരുവശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താൽകാലിക പാലം നിർമിക്കുന്നതിന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ കൊണ്ടുവന്ന നിർമാണ സാമഗ്രികൾ ദുരന്തസ്ഥലത്തേക്ക് അടിയന്തരമായി എത്തിക്കേണ്ടതുണ്ട്. ഇതിനാണ് നിയന്ത്രണം.