കോഴിക്കോട് കോതിയിൽ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു

റോഡ് ഉപരോധിച്ച സ്ത്രീകളടക്കമുള്ളവരെ ബലം പ്രയോഗിച്ചാണ് നീക്കുന്നത്

Update: 2022-11-24 05:00 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: കോതിയില്‍ മാലിന്യസംസ്ക്കരണ പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നു. നാട്ടുകാരുടെ സമരത്തില്‍ സംഘർഷമുണ്ടായി. റോഡ് ഉപരോധിച്ച സ്ത്രീകളടക്കമുള്ളവരെ ബലം പ്രയോഗിച്ചാണ് നീക്കുന്നത്. സമരക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രദേശത്ത് സ്ത്രീകള്‍ റോഡ് ഉപരോധിക്കുകയാണ്. പദ്ധതി പ്രദേശത്തേക്കുള്ള റോഡാണ് ഉപരോധിക്കുന്നത്. ഈ റോഡ് വഴിയാണ് പദ്ധതി പ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങളുമായി വാഹനങ്ങള്‍ പോകേണ്ടത്. ലോറി കടത്തിവിടില്ലെന്ന നിലപാട് കടുപ്പിക്കുകയാണ് നാട്ടുകാര്‍. 

നഗരസഭയ്ക്ക് പ്ലാന്‍റിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാൻ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ തടയാന്‍ വന്‍ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചത്. അനുകൂല കോടതി വിധിയുമായി നിർമ്മാണ പ്രവർത്തനങ്ങള്‍ പുനഃരാംഭിക്കാനായി എത്തിയ കോർപ്പറേഷന്‍ അധികൃതരെ സമരക്കാര്‍ തടയുകയായിരുന്നു. 

മാലിന്യ പ്ലാന്റ് വരുന്നതോടുകൂടി തങ്ങളുടെ കിണറുകളിലെ ജലം മലിനമാകുമെന്നും പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്ലാന്റിനെതിരായി അവസാന നിമിഷം വരെ പോരാടുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. അതേസമയം എല്ലാവിധ സുരക്ഷ സംവിധാനങ്ങളോട് കൂടിയാണ് പ്ലാന്റ് നിർമ്മാണ പ്രവർത്തനമെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News