പി.എസ് സുപാൽ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി
ഏകകണ്ഠമായാണ് പിഎസ് സുപാലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ എക്‌സിക്യൂട്ടീവിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചത്.
കൊല്ലം: പി.എസ് സുപാൽ എംഎൽഎയെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ എക്‌സിക്യൂട്ടീവിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സുപാലിന്റെ പേര് മുന്നോട്ടുവെച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് എതിർസ്വരങ്ങളില്ലാതെ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനായി എന്നത് നേതൃത്വത്തിന് വലിയ ആശ്വാസം പകരുന്നതാണ്.
കാനം പക്ഷവും ഇസ്മായീൽ പക്ഷവും വ്യത്യസ്ത പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കുമെന്ന ആശങ്ക പാർട്ടിക്കുള്ളിലുണ്ടായിരുന്നു. എന്നാൽ ഇത് അസ്ഥാനത്താക്കിയാണ് ഏകകണ്ഠമായി പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ഔദ്യോഗിക പക്ഷത്തിന്റെ എതിർചേരിയിൽ പ്രധാനിയായിരുന്നു പി.എസ് സുപാൽ. ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രനുമായി നടന്ന വാക്കേറ്റത്തെ തുടർന്ന് സുപാലിനെ കഴിഞ്ഞ വർഷം മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.