റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; പിഎസ്‍സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കരുതെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനത്തിനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പിഎസ്‌സിയെ കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി

Update: 2021-08-02 08:54 GMT
Editor : Shaheer | By : Web Desk
Advertising

പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. റാങ്ക്‌ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം നടത്തും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിലവില്‍ റാങ്ക്‌ലിസ്റ്റ് നീട്ടാനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാങ്ക്‌ലിസ്റ്റ് വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ എംഎല്‍എല്‍ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകായിരുന്നു മുഖ്യമന്ത്രി.

സാധാരണ ഗതിയില്‍ ഒരു വര്‍ഷമാണ് റാങ്ക്‌ലിസ്റ്റ് കാലാവധി. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്ക്. ആഗസ്റ്റ് നാലിന് അവസാനിക്കുന്ന എല്ലാ റാങ്ക്‌ലിസ്റ്റുകള്‍ക്കും മൂന്നു വര്‍ഷം കാലാവധി കഴിഞ്ഞിട്ടുണ്ട്. നിയമന നിരോധനം ഉണ്ടെങ്കിലേ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ നീട്ടാന്‍ കഴിയൂ. സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ല. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. പ്രമോഷന്‍ നടക്കാത്തത് കണ്ടെത്തി നടപടി സ്വീകരിക്കും. എല്ലാ ഒഴിവുകളും കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ട്. നിയമനങ്ങള്‍ പരമാവധി പിഎസ്‌സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയം-മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനത്തിന് കോപ്പ് കൂട്ടുകയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പിഎസ്‌സിയെ പാര്‍ട്ടി സര്‍വീസ് കമ്മീഷനാക്കരുത്. കരുവന്നൂര്‍ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക് കമ്മീഷനെ തരംതാഴ്ത്തരുത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ എന്തിനാണ് പിഎസ്‌സി അപ്പീല്‍ പോയത്? അതിന് എന്തിനാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളോട് പ്രതികാര നടപടി എടുക്കുകയാണ്. സര്‍ക്കാരിന് പിടിവാശിയാണെന്നും ഷാഫി ആരോപിച്ചു.

ഉദ്യോഗാർഥികളുടെ വികാരത്തോടൊപ്പമാണുള്ളത്, ഒരു റാങ്ക്‌ലിസ്റ്റ് മാത്രമായി നീട്ടാൻ കഴിയില്ല: മുഖ്യമന്ത്രി

പിഎസ്‌സി ഇന്ത്യയിലെ മറ്റേതു സ്ഥാപനങ്ങളെക്കാളും തൊഴിൽ നൽകുന്ന സ്ഥാപനമാണ്. കമ്മീഷന്റെ യശസ് ഇടിച്ചുതാഴ്ത്തുകയാണ് പ്രമേയ അവതാരകൻ ചെയ്തത്. ഇത് ഒട്ടും ഗുണകരമല്ല. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധി സംബന്ധിച്ച് മറ്റൊരു വാദഗതിയിലേക്ക് പോകുന്നില്ല. അവ കീഴ്‌കോടതിയും ഹൈക്കോടതിയും പരിശോധിക്കേണ്ട വിഷയമാണ്. ഇത്തരം പ്രശ്‌നങ്ങളിൽ നിയമപരമായ സാധുത പരിശോധിക്കേണ്ടിവരും. പിഎസ്‌സി അപ്പീൽ പോകുമെന്ന് അറിയിച്ചിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

ഒരു റാങ്ക്‌ലിസ്റ്റ് മാത്രമായി നീട്ടാൻ കഴിയില്ല. എൽജിഎസ് ലിസ്റ്റിൽനിന്ന് 6,984 നിയമന ശുപാർശ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികളുടെ വികാരത്തോടൊപ്പമാണ് സർക്കാറുള്ളത്. വനിതാ കോൺസ്റ്റബിൾ സേനയിൽ പടിപടിയായി 15 ശതമാനമാക്കി ഉയർത്തും. അതിനർത്ഥം ബംഗളൂരുവിലെ അവസാനത്തെയാൾക്കടക്കം ജോലി ലഭിക്കുന്നതുവരെ ലിസ്റ്റ് നീട്ടുമെന്നല്ല. ഏത് റാങ്ക്‌ലിസ്റ്റും കാലാവധി തീരുമ്പോൾ അവസാനിക്കും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകാൻ ഒരു സർക്കാരിനും കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനത്തിന് നീക്കം: ഷാഫി പറമ്പിൽ

ലക്ഷക്കണക്കിന് യുവാക്കൾ കാത്തിരിക്കുന്ന വിഷയമാണ് പിഎസ്‌സി റാങ്ക്‌ലിസ്റ്റ്. പിഎസ്‌സിയെ കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്. പാർട്ടി സർവീസ് കമ്മീഷനാക്കാൻ സർക്കാർ അനുവദിക്കരുത്. ഉദ്യോഗാർത്ഥികളാണ് ട്രിബ്യൂണലിൽ പോയത്, പ്രതിപക്ഷമല്ല. ഇതിൽ അപ്പീൽ പോകാനുള്ള പിഎസ്‌സി നീക്കത്തെ സർക്കാർ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

ഉദ്യോഗാർത്ഥികൾക്ക് അർഹമായ തൊഴിൽ കിട്ടിയിട്ടില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചയുണ്ടായി. ആരെ സഹായിക്കാനാണ് സർക്കാർ പിടിവാശി കാണിക്കുന്നത്? കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധത്തിന് കോപ്പുകൂട്ടുകയാണ്. മറ്റൊരു റാങ്ക്‌ലിസ്റ്റ് നിലവിലില്ലാത്തപ്പോൾ നിലവിലെ ലിസ്റ്റ് നീട്ടണം. ഉദ്യോഗസ്ഥർ എഴുതിനൽകുന്നതിൽ യാഥാർത്ഥ്യമില്ല. ഉദ്യോഗാർത്ഥികൾക്ക് കൊടുത്ത ഉറപ്പ് പോലും പാലിക്കപ്പെടുന്നില്ല-ഷാഫി വിമർശിച്ചു.

സമരം നടത്തിയവരോട് പ്രതികാരബുദ്ധിയോടെ പെരുമാറരുത്: സതീശൻ

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയവർക്ക് റാങ്ക് വാങ്ങിക്കൊടുത്തത് തങ്ങളല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. പിൻവാതിൽ നിയമനം നടത്തിയത് തങ്ങളല്ല. സാധാരണ നടക്കുന്ന പോലുള്ള നിയമനങ്ങൾ നടന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് മൂന്നുമാസം ഒരു നിയമനവും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ലിസ്റ്റ് നീട്ടിയതിന്റെ ഒരു പ്രയോജനവും ഉദ്യോഗാർത്ഥികൾക്ക് കിട്ടിയിട്ടില്ല. പുതിയ ലിസ്റ്റ് വരുന്നതുവരെ നിലവിലെ ലിസ്റ്റിൽ നിയമനം നടത്തണം. സമരം ചെയ്തതിന്റെ പേരിൽ പ്രതികാരബുദ്ധിയോടെയുള്ള സമീപനം സ്വീകരിക്കരുത്. ഉദ്യോഗാർത്ഥികളെ ശത്രുക്കളെപ്പോലെ കാണാതെ മക്കളെപ്പോലെ കരുതണം-വിഡി സതീശൻ കൂട്ടിച്ചേർത്തു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News